-->
തിരുവനന്തപുരം: സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് സംസ്‌ഥാനത്തെ പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ മകരസംക്രമ ദിനമായ ഇന്ന് ബി.ജെ.പി ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കും. വൈകിട്ട് 6 മണിക്കു നടക്കുന്ന 'വീട്ടിലും
നാട്ടിലും അയ്യപ്പജ്യോതി' പരിപാടിയില്‍ ലക്ഷക്കണക്കിനു പാര്‍ട്ടിപ്രവര്‍ത്തകര്‍
അണിചേരും. ബി.ജെ.പി ഓഫീസുകളിലും പൊതുസ്‌ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജ്യോതി തെളിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ അയ്യപ്പജ്യോതിയുടെ ഭാഗമാകുമെന്ന് സംസ്‌ഥാന ജനറല്‍ സെക്രട്ടറി.എസ്. സുരേഷ് അറിയിച്ചു.
ശബരിമലയെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന സംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാവശ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണു ദീപം തെളിക്കുന്നത്. സി.ബി.ഐ അന്വഷണത്തിനു തയ്യാറാവുക, കുറ്റക്കാരായ മുഴുവന്‍ പേരെയും നിയമനടപടികള്‍ക്കു വിധേയമാക്കുക എന്നീ ആവശ്യങ്ങളും അയ്യപ്പജ്യോതിയിലൂടെ ബി.ജെ.പി ഉന്നയിക്കും. സി.പി.എം-കോണ്‍ഗ്രസ് സഹകരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയെന്നും എസ്. സുരേഷ് പറഞ്ഞു.