-->
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മോഷണക്കുറ്റം ആരോപിച്ച് ആളുമാറി കസ്‌റ്റഡിയിലെടുത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്‌റ്റിലാണ് മൂവാറ്റുപുഴ മടത്തിക്കുടിയില്‍ അമല്‍ ആന്റണിയെ (35) കടയില്‍നിന്ന് ബാറ്ററി മോഷ്‌ടിച്ചു എന്നാരോപിച്ച് വീട്ടില്‍നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി മര്‍ദിച്ചത്. പിന്നീട് ആളുമാറിയെന്ന് മനസിലായതോടെ വിട്ടയക്കുകയായിരുന്നു. മൂവാറ്റുപുഴ സേ്‌റ്റഷനിലെ എസ്.ഐ വിഷ്‌ണു രാജു, ഗ്രേഡ് എസ്.ഐ എം.വി.ദിലീപ് കുമാര്‍, സീനിയര്‍ സി.പി.ഒമാരായ രതീഷ്, എച്ച്.ഹാരിസ് എന്നിവര്‍ക്ക് ഡ്യൂട്ടിയില്‍ വീഴ്‌ച സംഭവിച്ചു എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എറണാകുളം റൂറല്‍ ൈക്രംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.ജോസാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. 2025 ഓഗസ്‌റ്റ് 12നാണ് അമല്‍ ആന്റണിയെ മോഷണക്കേസില്‍ ആളുമാറി കസ്‌റ്റഡിയിലെടുത്ത് മര്‍ദിച്ചത്. അതേസമയം, ജോലിക്കു പോകാന്‍ പോലും സാധിക്കാത്ത വിധത്തില്‍ മര്‍ദനത്തില്‍ പരുക്കേറ്റെന്നും നഷ്‌ടപരിഹാരവും സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയും വേണമെന്നു ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അമല്‍.