Saturday, March 14, 2026 Last Updated 10 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

ശബരിമലയില്‍ നെയ്യ്‌ വില്‍പ്പനയിലും വന്‍ ക്രമക്കേട്‌; വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌

കൊച്ചി: ശബരിമലയില്‍ അയ്യപ്പന്‍ഭക്‌തര്‍ സമര്‍പ്പിക്കുന്ന നെയ്യ്‌ അഭിഷേകത്തിന്‌ ശേഷം പാക്കറ്റുകളിലാക്കി വില്‍ക്കുന്ന ആടിയ ശിഷ്‌ടം നെയ്യ്‌ വില്‍പ്പനയിലെ ഗുരുതര ക്രമക്കേടുകളില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഹൈക്കോടതിയുടെ ഉത്തരവ്‌.
വിജിലന്‍സിന്റെ പ്രത്യേക സംഘം ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിച്ച്‌ ഒരു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഭക്‌തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷ്‌ണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്‌. വില്‍പ്പന നടത്തിയ 13679 പാക്കറ്റ്‌ നെയ്യിന്റെ പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന്‌ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 100 മില്ലി ലിറ്റര്‍ നെയ്യ്‌ വീതമുള്ള ഒരു പാക്കറ്റിന്‌ 100 രൂപാ നിരക്കില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 13,67,900 രൂപയുടെ കുറവാണ്‌ ദേവസ്വം ബോര്‍ഡ്‌ അക്കൗണ്ടില്‍ ഉണ്ടായിരിക്കുന്നത്‌. നേരത്തെ തന്ത്രിയുടേയും മേല്‍ശാന്തിയുടേയും മുറികുളില്‍ വച്ച്‌ അനധികൃതമായി നെയ്യ്‌ വില്‍ക്കുന്നത്‌ ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന്‌ ദേവസ്വം കൗണ്ടറുകളിലൂടെ വില്‍പ്പന നടത്താന്‍ നിശ്‌ചയിച്ചിടത്താണ്‌ പുതിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്‌. നെയ്യ്‌ പാക്ക്‌ ചെയ്യുന്നതിനായി പാലക്കാട്‌ സ്വദേശിയായ കോണ്‍ട്രാക്‌ടറേയാണ്‌ ദേവസ്വം ബോര്‍ഡ്‌ നിയോഗിച്ചിരുന്നത്‌. ഒരു പാക്കറ്റ്‌ നെയ്യ്‌ പാക്ക്‌ ചെയ്യുന്നതിന്‌ 20 പൈസയാണ്‌ കോണ്‍ട്രാക്‌ടര്‍ക്ക്‌ ലഭിച്ചിരുന്നത്‌.
കോണ്‍ട്രാക്‌ടര്‍ പാക്ക്‌ ചെയ്‌ത്‌ കൗണ്ടറുകളില്‍ ഏല്‍പ്പിച്ച പാക്കറ്റുകളുടെ എണ്ണവും വില്‍പ്പനരേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന്‌ കോടതി നിരീക്ഷിച്ചു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട്‌ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥനായ സുനില്‍കുമാര്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. 68,200 രൂപ നെയ്യ്‌ വിറ്റ പണം ഇയാള്‍ കൗണ്ടറില്‍ അടയ്‌ക്കാതെ കൈവശം സൂക്ഷിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രമക്കേടുകള്‍ ബോധപൂര്‍വമാണെന്ന്‌ നിരീക്ഷിച്ച കോടതി ഇതില്‍ വ്യക്‌തത വരുത്തേണ്ടതുണ്ടെന്നും വ്യക്‌തമാക്കി. ശബരിമല സ്വര്‍ണകൊള്ളയുടെ വിവരങ്ങള്‍ പുറത്തു വന്നതിന്‌ പിന്നാലെയാണ്‌ നെയ്യ്‌ വില്‍പ്പനയിലെ ക്രമക്കേടുകളും പുറത്തുവന്നത്‌.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW