-->
ഈ വർഷം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും ഹൈപ്പോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ജയിലർ 2. നിരവധി മലയാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2.
ബോളിവുഡ് കിങ് ഷാരുഖ് ഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ മലയാളത്തിൽ നിന്ന് മറ്റൊരു നടൻ കൂടി ജയിലർ 2 വിൽ ഉണ്ടെന്ന സ്ഥിരീകരണം വന്നിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളായ ഹക്കിം ഷാജഹാനാണ് ജയിലർ 2 വിന്റെ ഭാഗമായ മലയാള താരങ്ങളിൽ ഒരാൾ.
റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ഹക്കിം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിനായകൻ, സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ എന്നിവരും ജയിലർ 2 വിൽ എത്തുന്നുണ്ട്. നടി മേഘ്ന രാജും ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
മോഹൻലാൽ, രമ്യ കൃഷ്ണൻ, ശിവരാജ് കുമാർ, വിദ്യ ബാലൻ എന്നിവരും രജനികാന്തിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജൂണിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
അതേസമയം പെണ്ണ് കേസ് ആണ് ഹക്കിം ഷായുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. നിഖില വിമൽ, രമേഷ് പിഷാരടി, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജനുവരി 10 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.