Saturday, March 14, 2026 Last Updated 10 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.14 AM

കൂവപ്പള്ളിയിലെ ദുരൂഹമരണം: യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ്‌ ജീവനൊടുക്കിയതെന്ന്‌

uploads/news/2026/01/820419/k8.jpg

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കുളപ്പുറത്തു യുവതിയെയും പുരുഷ സുഹൃത്തിനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ്‌ ജീവനൊടുക്കിയതാണെന്നു പ്രാഥമിക നിഗമനം. കട്ടപ്പന നെടുംകണ്ടം കല്ലാര്‍ഭാഗം തുരുത്തിയില്‍ ഷേര്‍ലി മാത്യു(45), കോട്ടയം ആലുംമൂട്‌ കുരുട്ട്‌പറമ്പില്‍ ജോബ്‌ സക്കറിയ(40) എന്നിവരെയാണു ഷേര്‍ലിയുടെ വീട്ടില്‍ ഞായറാഴ്‌ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്‌.
ഷേര്‍ലിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കഴുത്തറുത്ത്‌ കൊലപ്പടുത്തിയശേഷം ജോബ്‌ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന്‌ സംശയിക്കുന്നതായി ഡിവൈ.എസ്‌.പി. സാജു വര്‍ഗീസ്‌ പറഞ്ഞു. വളരെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റ്‌ ബന്ധങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും കൊലപാതക കാരണമായെന്നുമാണു പോലീസ്‌ നിഗമനം. കൂവപ്പള്ളിയിലെ വീട്ടില്‍ കഴിഞ്ഞ എട്ട്‌ മാസങ്ങളായി ജോബ്‌ വരാറുണ്ടായിരുന്നു. ബന്ധുവാണെന്നാണ്‌ ഷേര്‍ലി അയല്‍വാസികളോടു പറഞ്ഞിരുന്നത്‌.
സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഒന്നരമാസം മുന്‍പ്‌ തര്‍ക്കങ്ങള്‍ ആരംഭിച്ചിരുന്നതായും അടുത്ത ദിവസങ്ങളായി ഇരുവരും പോലീസില്‍ പരാതി നല്‍കിയതായും പറയുന്നു. കുളപ്പുറത്ത്‌ ഒരു വര്‍ഷം മുമ്പ്‌ സ്‌ഥലം വാങ്ങിയ ഇവര്‍ എട്ടു മാസം മുമ്പാണ്‌ വീടുവച്ച്‌ താമസം ആരംഭിച്ചത്‌. സമീപവാസികളോട്‌ കുടുംബ പശ്‌ചാത്തലം പല രീതികളിലാണ്‌ ഷേര്‍ലി പറഞ്ഞിരിക്കുന്നത്‌. നാട്ടുകാരുമായി സംസാരിക്കാറുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ പങ്കുവച്ചിരുന്നില്ല.
ഞായറാഴ്‌ച വൈകിട്ട്‌ ജോബ്‌ സ്‌കറിയ എത്തി ഇവരെ ഭീഷണിപ്പെടുത്തിയെന്ന്‌ ഷേര്‍ലി സുഹൃത്തിനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിരുന്നു. രാത്രി വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന്‌ ഷേര്‍ലിയുമായി പരിചയമുള്ള ആള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ്‌ എത്തി പരിശോധന നടത്തിയപ്പോഴാണ്‌ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ വീട്‌ സീല്‍ ചെയ്‌തശേഷം രാവിലെ ഇന്‍ക്വിസ്‌റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. സംഭവ ദിവസത്തിനു മുമ്പ്‌ മറ്റൊരാളും ഷേര്‍ലിയുടെ വീട്ടില്‍ എത്തിയതായി വിവരമുണ്ട്‌. ഷേര്‍ലിയുമായി ബന്ധപ്പെട്ട എല്ലാ ആളുകളുടെയും മൊഴി പോലീസ്‌ ശേഖരിച്ചു വരികയാണ്‌.

Ads by Google
Tuesday 13 Jan 2026 12.14 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW