-->
കാസര്‍ഗോഡ്: അനന്തപുരം ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റിലെ റെഡ് ഫോര്‍ട്ട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. രണ്ടുപേര്‍ക്കു ഗുരുതര പരുക്ക്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ജോലിയിലേര്‍പ്പെട്ടിരുന്ന ശിവകാശി സ്വദേശികളായ ശങ്കര്‍, കറുപ്പുസാമി എന്നിവര്‍ക്കാണു പരുക്കേറ്റത്. സ്‌ഫോടനമുണ്ടാവുമ്പോള്‍ പുറത്തേക്കുചാടിയതിനാല്‍ ഇവര്‍ വലിയ അപകടത്തില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. മിക്‌സിങ് യൂണിറ്റ്, അസംസ്‌കൃത വസ്‌തുക്കളും ഫൈനല്‍ ഫിനിഷിങും നടക്കുന്ന ഷെഡ് തുടങ്ങി 25 ഷെഡുകളാണ് ഇവിടെയുള്ളത്. മിക്‌സിങ് യൂണിറ്റ് ഷെഡ് പൂര്‍ണമായും തകര്‍ന്നു.
പുറത്തു കൂട്ടിയിട്ട അവശിഷ്‌ടങ്ങളില്‍നിന്നു തീ പടര്‍ന്നതാകാം കാരണമെന്നു കരുതുന്നു. എത്രത്തോളം വെടിമരുന്ന് സൂക്ഷിച്ചിരുന്നുവെന്നതിന്റെ കണക്കു ലഭ്യമായിട്ടില്ല. ഒരു ഷെഡിലും പ്രാഥമിക അഗ്‌നിരക്ഷാ ഉപകരണംപോലും ഉണ്ടായിരുന്നില്ല. അഗ്‌നിരക്ഷവകുപ്പിന്റെ അനുമതി ഇല്ലാതെയാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്.
ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതിലിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ്, ഉപ്പള നിലയങ്ങളില്‍ നിന്നെത്തിയ നാലു യൂണിറ്റ് അഗ്‌നിരക്ഷാസേനയാണ് തീ അണച്ചത്. അനന്തപുരം സ്വദേശി പി. മുഹമ്മദ് കുഞ്ഞിയാണ് ഉടമ. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം.എം. റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി. അമല്‍രാജ്, എസ്. അഭിലാഷ്, വി.കെ. ഷൈജു, രാജേഷ് പാവൂര്‍, ടി. ശരണ്‍, എസ്. മുഹമ്മദ് ഷാഫി, ടി.എസ്. മുരളീധരന്‍, കെ.വി. അഭിജിത്, വി. മഹേഷ്, ബി.ആര്‍ അതുല്‍, വി.എസ്. ശ്രീജിത്ത് ഹോം ഗാര്‍ഡ്‌മാരായ സുഭാഷ്, പ്രദീപ്, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.