-->
മാതാപിതാക്കളുടെ ഏറ്റവും വലിയ കടമ കുട്ടികളെ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമകളാക്കി വളര്‍ത്തുക എന്നുള്ളതാണ്. എന്നാല്‍, പലപ്പോഴും ഇന്ത്യന്‍ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ പലവിധ പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. പലപ്പോഴും ഇത്തരം പീഡനങ്ങള്‍ സ്വന്തം വീടുകളില്‍ നിന്ന് പോലും കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്നു. ഇത് കുട്ടികളുടെ മാനസീക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് മനശാസ്ത്ര വിദഗ്ദര്‍ പോലും ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും ഇതേ പ്രണവത തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുകയാണ് ഒരു അമ്മയുടെ വീഡിയോ. സംഭവം വൈറലായതോടെ പലരും അമ്മയക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യപ്പെട്ടിരിക്കുകയാണ്.
ഖര്‍ കേ കലേഷ് എന്ന ജനപ്രീയ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു ഫ്‌ലാറ്റ് സമുച്ചയത്തിന്റെ പടികള്‍ ഉള്ള ഭാഗത്ത് നിന്നും ഒരു സ്ത്രീ ഫോണ്‍ ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അവരുടെ അടുത്തായി ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍ കുട്ടികളുമുണ്ട്. യുവതിയുടെ തൊട്ടുമുന്നിലായി ഒരു കൊച്ച് കുട്ടിയാണ് നില്‍ക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രകോപിതയായ യുവതി തന്റെ മുന്നിലുള്ള കൊച്ച് കുട്ടിയെ ആഞ്ഞ് ചവിട്ടുന്നു. കുട്ടി തെറിച്ച് വീഴുന്നു. അവന്‍ വീണ്ടും എഴുന്നേല്‍ക്കുമ്പോള്‍ യുവതി കുഞ്ഞിനെ വീണ്ടും ചവിട്ടുന്നതും വീഡിയോയില്‍ കാണാം. 'ഒരു അമ്മയ്ക്കും അവളുടെ കുഞ്ഞിനും ഇടയിലുള്ള ഒരു നിമിഷത്തെ കാണിക്കുന്നു, ഇതിനെ പലരും മനുഷ്യത്വരഹിതവും ഭയാനകവുമാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്ന് കുറിപ്പോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. കുട്ടികളുടെ പരിചരണത്തെ കുറിച്ചും വീട്ടുകളില്‍ അവര്‍ക്ക് ലഭ്യമാകുന്ന സുരക്ഷയെ കുറിച്ചും നിരവധി പേരാണ് പ്രതികരിക്കാനെത്തിയത്. വീഡിയോ കാഴ്ചക്കാരില്‍ വലിയ അസ്വസ്ഥതയാണ് സൃഷ്ടിച്ചത്. ആ സ്ത്രീയെ ഇനി ആരും അമ്മയെന്ന് വിളിക്കരുതെന്ന് ചിലര്‍ എഴുതി. സ്വന്തം കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറാന്‍ അറിയാത്ത സ്ത്രീകള്‍ എന്തിനാണ് കുട്ടികളെ പ്രസവിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു. ഐവിഎഫ് സെന്റുകളില്‍ കുട്ടികള്‍ക്ക് വേണ്ടി ക്യൂ നില്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്. അപ്പോള്‍ അര്‍ഹതയില്ലാത്തവര്‍ക്ക് ദൈവം എന്തിനാണ് കുട്ടികളെ കൊടുക്കുന്നതെന്ന് മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥതയോടെ ചോദിച്ചു. അതേ സമയം ആ സ്ത്രീ കുട്ടികളുടെ അമ്മയല്ലെന്നും ആയയോ അതല്ലെങ്കില്‍ തൊട്ടടുത്ത ഫ്‌ലാറ്റിലെ യുവതിയോ ആയിരിക്കാമെന്നും ഒരു അമ്മയ്ക്ക് ഇതുപോലെ ചെയ്യാന്‍ കഴിയില്ലെന്നും ചിലരെഴുതി.