-->
ബ്രസീലിലെ 'ഇല ഡാ ക്വയ്മഡ ഗ്രാന്‍ഡെ' അഥവാ സ്‌നേക്ക് ഐലന്‍ഡിനെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. ബ്രസീലിലെ സാവോ പോളോ നഗരത്തില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് 110 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ വിചിത്രദ്വീപ്. ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ് എന്ന അപൂര്‍വയിനം പാമ്പുകളാണ് ഇവിടെയുള്ളത്. തെക്കേ അമേരിക്കയിലെ മറ്റു പാമ്പുകളെ അപേക്ഷിച്ച് 6 ഇരട്ടി വീര്യമുള്ള വിഷമാണ് ദ്വീപിലെ ഈ പാമ്പുകള്‍ക്ക്. കടി ഏല്‍ക്കുന്നിടത്തെ മാംസം ഉരുകും. അരമണിക്കൂറിനുള്ളില്‍ മരണം ഉറപ്പാണ്.
കടല്‍ക്കൊള്ളക്കാരാണ് ഈ പാമ്പുകളെ ഇവിടെ കൊണ്ടുവന്നതെന്നു കെട്ടുകഥയുണ്ട്. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്നും 11,000 വര്‍ഷം മുന്‍പ് ഭൂമിയില്‍ ഹിമയുഗത്തില്‍ ജലനിരപ്പുയര്‍ന്നപ്പോള്‍ ഈ പാമ്പുകള്‍ ദ്വീപില്‍ പെട്ടുപോകുകയായിരുന്നെന്നും ഗവേഷകര്‍ പറയുന്നു. ദ്വീപില്‍ അകപ്പെട്ട പാമ്പുകളെ ഭക്ഷിക്കുന്ന ജീവികളൊന്നുമില്ലായിരുന്നു. അതിനാല്‍ ഇവയുടെ എണ്ണം പെരുകി. ദ്വീപിലെത്തുന്ന ദേശാടനപ്പക്ഷികളെയാണ് ഇവ ആഹാരമാക്കുന്നത്.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദ്വീപില്‍ ലൈറ്റ്ഹൗസ് നിയന്ത്രിക്കാനായി കുറച്ച് ആളുകളുണ്ടായിരുന്നു. ഇവര്‍ പോയതോടെ ദ്വീപില്‍ മനുഷ്യസാന്നിധ്യമില്ലാതായി. ബ്രസീല്‍ നാവികസേന സംരക്ഷിക്കുന്ന സ്‌നേക് ഐലന്‍ഡില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല. കരിഞ്ചന്തയില്‍ ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ് പാമ്പിന് 7-21 ലക്ഷം രൂപ വരെ ലഭിക്കും. ഇതിനാല്‍ കള്ളക്കടത്തുകാരും കൊള്ളക്കാരും ഇവയെ പിടിക്കാന്‍ എത്താറുണ്ട്.