-->
തിരുവനന്തപുരം: സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പ്രോത്സാഹിപ്പിക്കില്ലെന്നും കോണ്‍ഗ്രസ് തെറ്റുകളെ ന്യായീകരിക്കുന്ന പാര്‍ട്ടിയല്ലെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളാത്തതുകൊണ്ടാണ് പുറത്താക്കിയത് ഇനി ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല. ഉചിതമായ തീരുമാനം സര്‍ക്കാരും പൊലീസും സ്വീകരിക്കട്ടെയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായ ആരോപണങ്ങളും അതിജീവിതമാരുടെ എണ്ണവും കൂടിയപ്പോഴാണ് പുറത്താക്കല്‍ എന്ന ബ്രഹ്മാസ്ത്രം പ്രയോഗിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയത്. അതിനുശേഷം വരുന്ന കാര്യത്തെ കുറിച്ച് കോണ്‍ഗ്രസിന് യാതൊരു ഉത്തരവാദിത്വവും ഇല്ല. രാഹുല്‍ എന്നേ രാജിവെച്ചുപോകേണ്ടതായിരുന്നു. പക്ഷെ പുറത്താക്കിയ ഒരാള്‍ രാജിവെക്കണം എന്ന് പറയാന്‍ കഴിയില്ലലോ. ഇനി വിപ്പ് കൊടുത്താല്‍ പോലും അനുസരിക്കണം എന്നുമില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെ കേസില്‍ ഉള്‍പ്പെടുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ല. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട് ബാക്കി കാര്യങ്ങളില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ല. കോണ്‍ഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയാല്‍ സംരക്ഷിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിനില്ല. ഇത് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടി ആണ്.ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകള്‍ക്ക് മറുപടിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.