-->
ശബരിമല: പുണ്യം തണല്‍ തീര്‍ത്ത പൂങ്കാവനത്തില്‍ മകരവിളക്ക് ദര്‍ശനത്തിനായി പര്‍ണശാലാെരുക്കി കാത്തിരുന്നു ഭക്‌തര്‍.
ഇത്തവണ നേരത്തെ തന്നെ പാണ്ടിത്താവളത്തെ വിവിധ ഭാഗങ്ങളില്‍ തുറസായ സ്‌ഥലങ്ങളിലാണു ഭക്‌തര്‍ തമ്പടിച്ച് തുടങ്ങിയത്. തുണി, പ്ലാസ്‌റ്റിക്, ടാര്‍പ്പ, ചെറുമരച്ചില്ലകള്‍ എന്നിവ ഉപയോഗിച്ചാണ് പര്‍ണശാലകര്‍ തീര്‍ത്തിരിക്കുന്നത്. പാണ്ടിത്താവളത്തേക്ക് പോകുന്ന വഴിയുടെ ഇരുവശവും പര്‍ണശാല ഒരുക്കി കഴിഞ്ഞു. പണ്ടിത്താവളം വാട്ടര്‍ ടാങ്കുകള്‍ക്കു സമീപം നൂറു കണക്കിനു തീര്‍ത്ഥാടകരാണു തമ്പടിച്ചിരിക്കുന്നത്.
എരുമേലി പേട്ട കഴിഞ്ഞതോടെ ഇന്ന് കൂടുതല്‍ തീര്‍ത്ഥാടകര്‍ മലകയറി എത്തും. വയനാട്ടില്‍നിന്നു ഗണേശന്‍ ഗുരു സ്വാമിയുടെ നേത്യത്വത്തില്‍ 15 പേരടങ്ങുന്ന സംഘമാണ് ശനിയാഴ്‌ച സന്നിധാനത്തെത്തി ദര്‍ശനത്തിനു ശേഷം ആദ്യം പര്‍ണശാല തീര്‍ത്ത് കാത്തിരിപ്പ് ആരംഭിച്ചത്.
മലപ്പുറത്തു നിന്നു ഗിരീശന്‍ ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ 32 പേരടങ്ങുന്ന സംഘം എരുമേലിയില്‍ നിന്നും കരിമല വഴി ശനിയാഴ്‌ച സന്നിധാനത്തെത്തി. ഇവരും പണ്ടിത്താവളത്ത് എത്തി പര്‍ണശാലയൊരുക്കി കാ ത്തിരിക്കുകയാണ്. 20 വര്‍ഷമായി മുടങ്ങാതെ ഇവര്‍ മകരവിളക്ക് ദര്‍ശനം നടത്തുന്നുണ്ട്.
കോഴിക്കോട്, പാലക്കാട്, കൊല്ലം, കണ്ണൂര്‍, വയനാട്, മലപ്പുറം, കമ്പം, തേനി, കുമളി എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ് പണ്ടിത്താവളത്തില്‍ കൂടുതലായി തമ്പടിച്ചിരിക്കുന്നത്. സന്നിധാനത്ത് പതിനഞ്ചിടങ്ങളിലാണ് മകരജ്യോതി ദര്‍ശിക്കാനാകു ക. ഏറ്റവും കൂടുതല്‍ പേര്‍ക്ക് മകരജ്യോതി ദര്‍ശനം സാധ്യമാകുന്നത് പണ്ടിത്താ
വളം ഭാഗത്താണ്. ഇവിടെ സോപാനത്ത് നിന്ന് മകരജ്യോതി കാണാന്‍ തിരക്കേറെയാണ്. പാസ് മൂലം പ്രവേശനം
നിയന്ത്രിക്കാറുണ്ടെങ്കിലും സന്നിധാനത്ത് കെടാവിളക്കിനു സമീപവും കൊടിമരത്തിന് സമീപവും വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയുടെ ദീപാരാധന ദര്‍ശിച്ച ശേഷം കെടാവിളക്കിനു സമീപത്തു വന്ന് ജ്യോതി ദര്‍ശിക്കാനാകുമെന്നതാണ് ഇവിടത്തെ പ്രത്യേ കത. സന്നിധാനത്ത് വയര്‍ലസ് കണ്‍ട്രോള്‍ റൂമിന്റെ സമീപം, ദര്‍ശന്‍കോംപ്ലക്‌സിന് പുറക് വശം, മാഗുണ്ട അയ്യപ്പ നിലയം, വാട്ടര്‍ ടാങ്കിന്റെ പുറക് വശം, അന്നദാന മണ്ഡപം, കൊപ്രാക്കളം, ജ്യോതി നഗര്‍, ശരംകുത്തി പി.ഡബ്ല്യൂ.ഡി പോലീസ് റെസ്‌റ്റ് ഹൗസിന്റെ പുറക് വശം, എസ്.എം -2, ക്യൂ കോംപ്ലക്‌സ് 1എ,1 ബിയുടെ പുറക് വശം എന്നിവിടങ്ങളില്‍ നിന്നാല്‍ മകരജ്യോതി ദര്‍ശിക്കാന്‍ കഴിയും.