-->
തിരുവനന്തപുരം/പാലക്കാട്/പത്തനംതിട്ട: ലൈംഗികപീഡന പരാതിപരമ്പരയില്‍ പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടുവില്‍ അഴിക്കുള്ളില്‍. തിരുവല്ല സ്വദേശിയായ യുവതി മുഖ്യമന്ത്രിക്ക് ഇ-മെയില്‍ മുഖേന നല്‍കിയ പരാതിയാണ് യുവനേതാവിനെ അറസ്‌റ്റിലേക്കും തുടര്‍ന്ന് ജയിലിലേക്കും നയിച്ചത്. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് പോലീസിന്റെ പഴുതടച്ചുള്ള നടപടി.
ശനിയാഴ്‌ച രാത്രി പന്ത്രണ്ടരയോടെ പാലക്കാട്ടെ കെ.പി.എം. റീജന്‍സി ഹോട്ടലില്‍നിന്ന് അറസ്‌റ്റ് ചെയ്‌ത രാഹുലിനെ ഇന്നലെ പുലര്‍ച്ചെ പത്തനംതിട്ട താഴേവെട്ടിപ്രത്തുള്ള പോലീസ് ക്യാമ്പിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചുമുതല്‍ രാവിലെ 10 വരെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അറസ്‌റ്റ് രേഖപ്പെടുത്തി.
തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കിയെങ്കിലും ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കനത്തപ്രതിഷേധം മൂലം മണിക്കൂറുകളോളം ആശുപത്രിയില്‍നിന്നു പുറത്തിറക്കാനായില്ല. ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് ആശുപത്രിയില്‍നിന്ന് ഇറക്കി മേലേവെട്ടിപ്രത്ത് പത്തനംതിട്ട ജുഡീഷ്യല്‍ രണ്ടാംക്ല ാസ് മജിസ്‌ട്രേറ്റ് അഞ്‌ജലീദേവിയുടെ വസതിയില്‍ ഹാജരാക്കാനായത്.
കുറ്റകൃത്യം നടന്നത് തിരുവല്ല കോടതി പരിധിയിലാണെങ്കിലും, അവിടുത്തെ മജിസ്‌ട്രേറ്റ് അവധിയിലായതിനാലാണ് പത്തനംതിട്ട മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്ന്, രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌ത് മാവേലിക്കര സബ് ജയിലിലേക്ക് അയച്ചു.
പുലരുംമുമ്പേ കുതിച്ചു; പത്തനംതിട്ടയിലേക്ക്
ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി: എന്‍. മുരളീധരന്റെ നേതൃത്വത്തിലാണ് രാഹുലിനെ ഹോട്ടലില്‍നിന്ന് കസ്‌റ്റഡിയിലെടുത്തത്. സമാനമായ മറ്റ് രണ്ട് ലൈംഗികപീഡനക്കേസുകളില്‍ പോലീസ് നടപടിക്കു മുമ്പേ് രാഹുല്‍ ഒളിവില്‍പോയതിനാല്‍ ഇത്തവണ അതീവരഹസ്യമായിരുന്നു പോലീസ് നീക്കം. തിരുവനന്തപുരത്തുനിന്ന് എസ്.ഐ.ടി. എത്തുന്നതുവരെ കാത്തുനില്‍ക്കേണ്ടെന്നു തീരുമാനിച്ചതോടെ, കസ്‌റ്റഡിയിലെടുക്കാന്‍ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയോട് നിര്‍ദേശിക്കുകയായിരുന്നു. ഹോട്ടലിലെത്തിയ പോലീസ് സംഘം വിവരം ചോരാതിരിക്കാന്‍
റിസപ്‌ഷന്‍ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. രാഹുലിന്റെ ൈഡ്രവറും സഹായിയും പുറത്തുപോയെന്ന് ഉറപ്പാക്കിയശേഷമായിരുന്നു പോലീസ് നീക്കം. 12.15-ന് രാഹുല്‍ താമസിക്കുന്ന 2002-ാം നമ്പര്‍ മുറിക്കു മുന്നിലെത്തി. വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. പോലീസാണെന്ന് അറിയിച്ചതോടെ 12.30-ന് വാതില്‍ തുറന്നു. പുതിയ കേസില്‍ മൊഴിയെടുക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ രാഹുല്‍ എതിര്‍ത്തു. അറസ്‌റ്റ് തീരുമാനം അറിയിച്ചതോടെ വഴങ്ങി. തുടര്‍ന്ന്, നേരം പുലരും മുമ്പേ പ്രതിയുമായി പോലീസ് പത്തനംതിട്ടയിലേക്ക് കുതിച്ചു.
ദൗത്യം നയിച്ച് ജി. പൂങ്കുഴലി
തിരുവല്ല സ്വദേശിനിയുടെ പരാതി ലഭിച്ചയുടന്‍ മുഖ്യമന്ത്രി അത് പോലീസ് ആസ്‌ഥാനത്തേക്കു കൈമാറുകയും എ.ഐ.ജി: ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘത്തെ (എസ്.ഐ.ടി) തുടര്‍നടപടിക്കു ചുമതലപ്പെടുത്തി ഉത്തരവിറക്കുകയുമായിരുന്നു. ഉത്തരവ് ലഭിച്ചതോടെ എ.ഐ.ജി. പൂങ്കുഴലി പരാതിക്കാരിയുമായി ബന്ധപ്പെടുകയും കഴിഞ്ഞ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖേന വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു.
നിലവില്‍ വിദേശത്തുള്ള യുവതി ഉടന്‍ തിരുവനന്തപുരത്ത് എത്താമെന്നുകൂടി അറിയിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ബലാത്സംഗം, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി രാഹുലിനെതിരേ ൈക്രംബ്രാഞ്ച് ആസ്‌ഥാനത്ത് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. രാഹുലിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ര്‌തീയപരിശോധനയ്‌ക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയയ്‌ക്കും. പരാതിക്കാരി നാട്ടിലെത്തിയാലുടന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് എസ്.ഐ.ടി. നീക്കം.