-->
പാലാ: അകാലത്തില്‍ വേര്‍പിരിഞ്ഞ സഹോദരന്റെ ഓര്‍മ്മയ്‌ക്കായി പാലാ കവീക്കുന്ന് മാളിയേക്കല്‍ കുടുംബാംഗങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനായി രൂപീകരിച്ച വിദ്യാഭ്യാസ സഹായ പദ്ധതിയായ ജോസ്‌മോന്‍ മാളിയേക്കല്‍ വിദ്യാഭ്യാസ സഹായ ഫണ്ട് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയില്‍ പാലാ രൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു.
മാളിയേക്കല്‍ കുടുംബം ആതുരരംഗത്തും സാമൂഹിക രംഗത്തും വിസ്‌മയകരമായ ശുശ്രൂഷകളാണ് നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് വിദ്യാഭ്യാസ രംഗത്ത് നല്‍കുന്ന പ്രാധാന്യം. ബാല്യത്തില്‍ തന്നെ മരണമടഞ്ഞ സഹോദരന്‍ ജോസ്‌മോന്റെ സ്‌മരണ നിലനിര്‍ത്താന്‍ മാളിയേക്കല്‍ കുഞ്ഞുമോനും ഭാര്യ ഷീലയും മുന്‍കൈ എടുത്ത് സഹോദരന്മാരായ ആന്റണിയും ടോമിയും വഴി പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്ന വിദ്യാഭ്യാസ സഹായ ഫണ്ട് സമൂഹത്തിന് വലിയ അനുഗ്രഹവും മാതൃകയുമാണ്. അക്ഷയനായ ദൈവത്തെ ഇത്തരം പ്രവര്‍ത്തികളിലൂടെ മറ്റുള്ളവര്‍ക്ക് പ്രദാനം ചെയ്യുകയാണ് ശരിയായ വിദ്യാഭ്യാസമെന്നും ഫാ.തടത്തില്‍ പറഞ്ഞു. 12 വര്‍ഷത്തേയ്‌ക്ക് മൂന്നു കോടി രൂപയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. എല്‍.കെ.ജി മുതല്‍ പ്ലസ്‌ടുവരെ കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി ഇടവക അതിര്‍ത്തിയിലുള്ള സാമ്പത്തിക സഹായം ആവശ്യമുള്ള എല്ലാ കുട്ടികള്‍ക്കും ജാതി-മത-രാഷ്‌ട്രീയ വേര്‍തിരിവില്ലാതെ സഹായം നല്‍കും. ഒരു വര്‍ഷം 25 ലക്ഷം രൂപ വീതമാണ് ചെലവഴിക്കുന്നത്. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 5000 രൂപ വീതവും 5 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 7500 രൂപ വീതവും 8 മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 10,000 രൂപ വീതവും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് 12,500 രൂപ വീതവും പ്രതിവര്‍ഷം സാമ്പത്തിക സഹായം നല്‍കും.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാവും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ രൂപതയില്‍ നടപ്പിലാക്കി വരുന്ന കാരുണ്യ പദ്ധതികളാണ് മാളിയേക്കല്‍ കുടുംബാംഗങ്ങള്‍ക്ക് പ്രചോദനമായത്. ഇടവക വികാരി ഫാ.ജോസഫ് വടകര, ഫൊറോന വികാരി ഫാ.ജോര്‍ജ് വേളൂപറമ്പില്‍, ഫാ. ഡോ.പോളിമണിയാട്ട്, കുഞ്ഞുമോന്‍ മാളിയേക്കല്‍,ഷീല ആന്റണി മാളിയേക്കല്‍, ടോമി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.