-->
കോഴിക്കോട്; നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളില്‍ മുസ്ലീം ലീഗിന് മത്സരിക്കാന്‍ ഇറക്കുമതി സ്‌ഥാനാര്‍ഥികള്‍ വേണ്ടെന്ന ആവശ്യവുമായി മണ്ഡലംകമ്മിറ്റികള്‍ രംഗത്ത്. മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റായ കൊടുവള്ളിയില്‍ മണ്ഡലത്തില്‍ തന്നെയുള്ള മുന്‍ എം.എല്‍.എ: വി.എം. ഉമ്മര്‍, ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.റസാഖ് എന്നിവരില്‍ ആരെയെങ്കിലും സ്‌ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. ഡോ. എം.കെ. മുനീറാണ് കൊടുവള്ളിയിലെ നിലവിലെ എം.എല്‍.എ. ഇദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ മത്സരിക്കുമോ എന്ന് ഉറപ്പില്ല. ഇനിയും പുറമെ നിന്നുള്ള ഒരാളെ സ്‌ഥാനാര്‍ഥിയാക്കിയാല്‍ അത് വിജയത്തെ തന്നെ ബാധിക്കുമെന്നാണു മണ്ഡലം കമ്മിറ്റിയുടെ ആശങ്ക.
തിരുവമ്പാടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് ലീഗിന് നഷ്‌ടമായ മണ്ഡലമാണ്. ലീഗ് സംസ്‌ഥാന സെക്രട്ടറിയായ സി.പി. ചെറിയ മുഹമ്മദ് 4643 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ ലിന്റോ ജോസഫിനോട് പരാജയപ്പെട്ടത്. യു.ഡി.എഫിലെ പടലപിണക്കം കാരണമാണ് തിരുവമ്പാടി സീറ്റ് നഷ്‌ടമായതെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. തിരുവമ്പാടി തിരികെ വേണമെന്ന് വര്‍ഷങ്ങളായി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ലീഗ് കൈമാറാന്‍ തയാറാല്ലാത്തതിനാല്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ കുറച്ചുഭാഗം ഭിന്നിച്ച് പോകുന്നതായും സംശയിക്കുന്നുണ്ട്.
വരുന്ന തെരഞ്ഞെടുപ്പിലും ലീഗ് തിരുവമ്പാടി വിട്ടുനല്‍കില്ല. ഇവിടെ മണ്ഡലം നിവാസികളായ ജില്ലാ സെക്രട്ടറി വി.കെ.ഹുസൈന്‍കുട്ടി, മണ്ഡലം പ്രസിഡന്റ് സി.കെ.കാസീം എന്നിവരില്‍ ആരെയെങ്കിലും സ്‌ഥാനാര്‍ഥിയാക്കിയാല്‍ വിജയിക്കാനാകുമെന്നാണ് മണ്ഡലം കമ്മിറ്റി പറയുന്നത്. എന്നാല്‍ സംസ്‌ഥാന കമ്മിറ്റിയാകും സ്‌ഥാനാര്‍ഥിയെ അവസാനം തീരുമാനിക്കുക. തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വലിയ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും തിരുവമ്പാടിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ തുരങ്കപാത പോലുള്ള വലിയ വികസനപദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സിറ്റിങ് എം.എല്‍.എ. ലിന്റോ ജോസഫിനെ തറപറ്റിക്കാന്‍ വലിയ പ്രയത്‌നം വേണ്ടി വരുമെന്നും ലീഗ് കണക്കുകൂട്ടുന്നു.
കുന്ദമംഗലത്ത് വരും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്ക് പകരം ലീഗ് സ്‌ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 2021ല്‍ യു.ഡി.എഫ് സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ മത്സരിച്ചിട്ടും കാര്യമായ മുന്നേറ്റം നടത്തായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ തന്നെയുള്ള യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെ സ്‌ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും മുന്നോട്ടുവെയ്‌ക്കുന്നുണ്ട്. എല്‍.ഡി.എഫിലെ പി.ടി.എ. റഹീമാണ് കുന്ദമംഗലത്ത് സിറ്റിങ് എം.എല്‍.എ. ഇദ്ദേഹം തന്നെ ഇവിടെ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. റഹീം കൊടുവള്ളിയിലേക്ക് മാറുകയാണെങ്കില്‍ ഇവിടെ പുതിയ സ്‌ഥാനാര്‍ഥി വരും. ഘടകകക്ഷികള്‍ക്ക് സീറ്റ് വിട്ടുകൊടുക്കുകയാണെങ്കില്‍ എലത്തൂരിന് പകരം കുന്ദമംഗലത്ത് എന്‍.സി.പി. സ്‌ഥാനാര്‍ഥിയാകും മത്സരിക്കുക.
വിനോദ് തമരശേരി