-->
ടൂറിസം മേഖലയില്‍ പ്രശസ്തിയാര്‍ജിച്ച നിരവധി രാജ്യങ്ങളുണ്ട്. ഇവയില്‍ ഒന്നാണ് നമ്മുടെ ഇന്ത്യ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന മേഖലയായതുകൊണ്ട് തന്നെ നിരവധി സ്ഥലങ്ങള്‍ ഇത്തരത്തില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഒരു സ്ഥലം വിനോദസഞ്ചാരകേന്ദ്രമാകുന്നതോടു കൂടി പ്രദേശവാസികള്‍ക്ക് നിരവധി തൊഴിലവസരങ്ങളും സൗകര്യങ്ങളുമെല്ലാം അതോടൊപ്പം വന്നുചേരാറുണ്ട്. എന്നാല്‍, അതേസമയം തന്നെ ഉത്തരവാദിത്തമില്ലാത്ത വിനോദസഞ്ചാരം പലപ്പോഴും പ്രദേശത്തെ ആളുകളുടെ ഉറക്കം കെടുത്തുന്ന അനുഭവങ്ങളും ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ളൊരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഉദയ്പൂരില്‍ നിന്നുള്ളൊരാളാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്ക്, വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍, സംസ്‌കാരത്തിലെ മാറ്റം എന്നിവയെ കുറിച്ചുള്ള നിരാശയാണ് യുവാവ് പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. 'ട്രാഫിക് ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. നാട്ടിലുള്ളവര്‍ക്ക് എങ്ങോട്ടെങ്കിലും പോകാനോ അവരുടെ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങള്‍ അനുഭവിക്കാനോ ഇത് തടസമാകുന്നു. ഈ നാട്ടുകാരനെന്ന നിലയില്‍ എനിക്ക് എന്റെ നഗരം ഇപ്പോള്‍ ആസ്വദിക്കാന്‍ പറ്റാതായിരിക്കയാണ്. ആളുകളെ സ്വന്തം നാട്ടിലേക്ക് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷേ, ഇതിപ്പോള്‍ നിറയെ ആളുകള്‍ മാത്രമേയുള്ളൂ. താനാകെ ക്ഷീണിച്ചിരിക്കുന്നു' എന്നാണ് യുവാവ് പറയുന്നത്.
ടൂറിസം വികസിച്ചതോടെ ആളുകള്‍ക്ക് സമ്പത്തിനോടുള്ള ആഗ്രഹവും വര്‍ധിച്ചു, സമീപത്തെ കുന്നുകളില്‍ ഹോട്ടലുകള്‍ പണിത് തുടങ്ങിയിരിക്കയാണ് എന്നും യുവാവ് പറയുന്നു. ഒരു കുട്ടിയായിരിക്കുമ്പോള്‍ താന്‍ സൗജന്യമായി സജ്ജന്‍ഗഡില്‍ പോകാറുണ്ട്. എന്നാല്‍, ഇന്ന് സൂര്യാസ്തമയം കാണാന്‍ പോകാന്‍ പോലും കാശ് കൊടുക്കണം എന്നാണ് പോസ്റ്റില്‍ പറയുന്നത്. നിരവധിപ്പേരാണ് യുവാവ് ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റിന് കമന്റുകളുമായി എത്തിയത്. യുവാവ് പറഞ്ഞത് ശരിയാണ് എന്ന് അനുകൂലിച്ചുകൊണ്ട് ഒരുപാട് പേര്‍ കമന്റ് നല്‍കിയിട്ടുണ്ട്. ഒപ്പം സമാനമായ അനുഭവം ഉള്ളതായും ആളുകള്‍ പറഞ്ഞു.
Too many tourists byu/Philosoul inudaipur