-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന കണ്‌ഠര്‍ രാജീവരുടെ ജീവനു ഭീഷണിയുണ്ടെന്ന് സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. റിമാന്‍ഡ് പ്രതികളോടൊപ്പം തന്ത്രിയെ പാര്‍പ്പിക്കുന്നത് സുരക്ഷാഭീഷണി സൃഷ്‌ടിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ, തന്ത്രിക്ക് പ്രത്യേക സെല്‍, കര്‍ശന നിരീക്ഷണം, ശക്‌തമായ കാവല്‍ എന്നിവ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തര നീക്കം തുടങ്ങി.
ജയില്‍ ചട്ടപ്രകാരം റിമാന്‍ഡ് പ്രതികളെ ഒരുമിച്ച് പാര്‍പ്പിക്കണമെന്ന വ്യവസ്‌ഥയുണ്ട്. അതുകൊണ്ടുതന്നെ, തന്ത്രിയെ ഒറ്റയ്‌ക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിയമ തടസമുണ്ടെന്ന് ആഭ്യന്തരവകുപ്പ് വിലയിരുത്തി. എന്നാല്‍ തന്ത്രിക്ക് പ്രത്യേക സുരക്ഷയും കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന.
ഇതിന്റെ അടിസ്‌ഥാനത്തില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ജയില്‍ ഡി.ജി.പിയുമായി അടിയന്തര ചര്‍ച്ച നടത്തി. തുടര്‍ന്നാണ് തന്ത്രിയെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കാനും, ആവശ്യമായാല്‍ നിയമഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയത്. തന്ത്രി ജയിലില്‍ കഴിയുന്ന കാലത്തോളം ശക്‌തമായ കാവലും തുടര്‍ച്ചയായ നിരീക്ഷണവും ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്നലെ രാവിലെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട തന്ത്രിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിശദമായ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അറസ്‌റ്റിലായ കണ്‌ഠര്‍ രാജീവരെ വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉടന്‍ കസ്‌റ്റഡി അപേക്ഷ നല്‍കും. ആചാരലംഘനത്തിനു കൂട്ടുനിന്നുവെന്നും പോറ്റിക്ക് കട്ടിളപ്പാളികള്‍ കൊണ്ടുപോകാനായി തന്ത്രി കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് കണ്‌ഠരര്‍ രാജീവരര്‍ക്കെതിരേ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി. ആരോപിക്കുന്നത്.
കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും നീക്കം നടത്തുകയാണ്. മുഖ്യ പ്രതിയടക്കമുള്ളവരെ കസ്‌റ്റഡിയിലെടുക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും സാധ്യതയുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്ന് റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാര്‍ എസ്.ഐ.ടിക്ക് മൊഴി നല്‍കിയിരുന്നെന്നാണ് വിവരം.
സുനില്‍ ജെ. സണ്ണി