-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠര് രാജീവര് അറസ്‌റ്റിലായതു കേവലം നിയമനടപടിയെന്നതിലുപരി, പ്രതിപക്ഷത്തിന്റെ തുടര്‍രാഷ്‌ട്രീയനീക്കങ്ങള്‍ക്കും വെല്ലുവിളിയാകുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസും സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ അറസ്‌റ്റിലായതും മുഖ്യപ്രചാരണായുധമാക്കാനായിരുന്നു യു.ഡി.എഫ്. നീക്കം. എന്നാല്‍, ആചാരലംഘനത്തില്‍ നേരിട്ട് പങ്കാരോപിക്കപ്പെട്ട് തന്ത്രിതന്നെ അറസ്‌റ്റിലായതോടെ ത്രിശങ്കുവിലായത് യു.ഡി.എഫാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
അന്വേഷണം തന്ത്രിയിലൊതുക്കി, സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതരെ രക്ഷിക്കാനാണ് നീക്കമെന്ന ആരോപണമാണ് പുതിയ സാഹചര്യത്തില്‍ യു.ഡി.എഫ്. ഉയര്‍ത്തുന്നത്. അന്വേഷണം നിയമത്തിന്റെ വഴിയേ, ശരിയായ ദിശയിലാണെന്നു സര്‍ക്കാരും സി.പി.എമ്മും വാദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്ക് ശബരിമല കേസിന്റെ ഗതി എങ്ങോട്ടു തിരിയുമെന്നാണ് രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്.
ഇതിനിടെ ഇക്കാര്യത്തിലെ ബി.ജെ.പി. നിലപാട് വ്യക്തമാക്കി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തന്ത്രി കണ്‌ഠര് രാജീവരെ അറസ്‌റ്റ് ചെയ്‌തതു സി.പി.എം. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നിലവിലെ മന്ത്രി വി.എന്‍.വാസവനെയും അതിനു മുമ്പുള്ള കോണ്‍ഗ്രസ് മന്ത്രിയെയും സംരക്ഷിക്കാനാണോ എന്നു സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ അറസ്‌റ്റ് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണോയെന്നും സംശയമുണ്ട്. ശബരിമലയിലെ സ്വര്‍ണം സംരക്ഷിക്കേണ്ടതിന്റെയും പരിശോധിക്കേണ്ടതിന്റെയും ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനും മന്ത്രിക്കുമാണെന്നാണ് ബി.ജെ.പി. നലപാട്.
തന്ത്രിയെ അറസ്‌റ്റ് ചെയ്യുമ്പോള്‍, എന്തുകൊണ്ടു മന്ത്രിയെ ചോദ്യം ചെയ്‌തിട്ടും അറസ്‌റ്റ് ചെയ്യുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്. രാഷ്‌ട്രീയ നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എമ്മും കോണ്‍ഗ്രസും നടത്തുന്നത്. വീഴ്‌ചയാണെന്നു മുഖ്യമന്ത്രി സമ്മതിച്ചിട്ടും രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരേ നടപടിയില്ല. സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നില്‍ വലിയ രാഷ്‌ട്രീയ നേതാക്കളുണ്ട്-അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കുമൊപ്പം കേസിലെ ഒന്നാം പ്രതി നില്‍ക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടിയ രാജീവ് ചന്ദ്രശേഖര്‍, സി.പി.എം. കോണ്‍ഗ്രസ് കുറുവ സംഘമാണ് കൊള്ളയ്‌ക്കു പിന്നിലെന്നും ആരോപിച്ചു. പോറ്റിയെ സഹായിക്കുന്നത് ഇവരാണ്. മകരവിളക്കു ദിവസമായ 14ന് ജ്യോതി തെളിച്ച് എന്‍.ഡി.എ. പ്രതിഷേധസമരം സംഘടിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.