-->
ബംഗളുരു/തിരുവനന്തപുരം: കേരളസര്‍ക്കാരിന്റെ മലയാളം ഭാഷാ ബില്ലിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയിലെ കന്നഡ സംസാരിക്കുന്നവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ബില്ലെന്ന് കത്തില്‍ ആരോപിക്കുന്നു.
സിദ്ധരാമയ്യയുടെ ആരോപണം അടിസ്‌ഥാനരഹിതമാണെന്നും കര്‍ണാടകയിലെ യെലഹങ്കയില്‍ നടന്ന ബുള്‍ഡോസര്‍ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതിലുള്ള പ്രതികാരമാണ് കത്തയച്ച നടപടിയെന്നും മന്ത്രി പി. രാജീവ് തിരിച്ചടിച്ചു. മലയാളം ഭാഷാ ബില്‍ വിവേചനപരമല്ലെന്നും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു. ഭാഷാ പ്രോത്സാഹനം തെറ്റല്ലെന്നും എന്നാല്‍, അടിച്ചേല്‍പ്പിക്കരുതെന്നുമായിരുന്നു കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പ്രതികരണം.
കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളിലും മലയാളം ഒന്നാംഭാഷയായി പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന മലയാളം ഭാഷാ ബില്‍ 2025 ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നു സിദ്ധരാമയ്യയുടെ കത്തില്‍ ആരോപിക്കുന്നു. ബില്‍ നടപ്പായാല്‍ കാസര്‍ഗോട്ടെ കന്നഡിഗര്‍ക്ക് മാതൃഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമെന്നും സിദ്ധരാമയ്യ 'എക്‌സി'ല്‍ കുറിച്ചു.