-->
സ്വര്‍ണച്ചൂണ്ട ഉപയോഗിക്കുന്നവന്‍ നന്നായി മീന്‍ പിടിക്കുമെന്നത് ലാറ്റിന്‍ ചൊല്ലും യഥാര്‍ഥ സ്വര്‍ണം ഉരുകുന്ന പാത്രത്തെ ഭയപ്പെടുന്നില്ലെന്നത് ചൈനീസ് പ്രയോഗവും സ്വര്‍ണം സത്യസന്ധമായ പണമായതിനാല്‍ സുതാര്യതയില്ലാത്തവര്‍ ദുരുപയോഗിക്കുമെന്നത് ആഫ്രിക്കന്‍ പഴമൊഴിയുമാണ്. സ്വര്‍ണവും വെള്ളിയും സ്വഭാവത്താല്‍ പണമല്ലെങ്കിലും, പണം സ്വഭാവത്താല്‍ സ്വര്‍ണവും വെള്ളിയുമാണെന്ന് കാള്‍ മാര്‍ക്‌സ്(ഓള്‍ദോ ഗോള്‍ഡ് ആന്‍ഡ് സല്‍വര്‍ ആര്‍ നോട്ട് ബൈ നാച്വര്‍ മണി;മണി ഈസ് ബൈ നാച്വര്‍ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍) 1859 ല്‍ ക്രിട്ടിക് ഓഫ് പൊളിറ്റിക്കല്‍ ഇക്കോണമി എന്ന പഠനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. ആളുകള്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അപൂര്‍വ സൗന്ദര്യം സമ്പത്ത്, ശക്‌തി, ദിവ്യത്വം എന്നിവയുമായുള്ള പ്രതീകാത്മക ബന്ധങ്ങളാലാണ്. അതങ്ങനെ സഹസ്രാബ്‌ദങ്ങളായി മൂല്യത്തിന്റെയും നിക്ഷേപത്തിന്റെയും വിശ്വസനീയ ശേഖരമായി.
ചരിത്രത്തിലുടനീളം ഇതുപോലെ കൂട്ടായ ഭാവനയെയും ആഗ്രഹത്തെയും വളരെ കുറച്ച് വസ്‌തുക്കളേ പിടിച്ചെടുത്തിട്ടുള്ളൂ. സ്വര്‍ണത്തിന്റെ മാറ്റമില്ലാത്ത സ്വഭാവം പല പുരാതന നാഗരികതകളെയും അതിനെ ദേവതകളുമായും നിത്യജീവനുമായും ബന്ധിപ്പിക്കാന്‍ പ്രേരിപ്പിച്ചു. പുരാതന ഈജിപ്‌തില്‍ സൂര്യദേവനായ റായുടെ മാംസമായി കണക്കാക്കി. ആസ്‌ടെക്കുകള്‍ ദൈവങ്ങളുടെ വിസര്‍ജ്യമെന്നും ഇന്‍കാകള്‍ സൂര്യന്റെ വിയര്‍പ്പ് എന്നുമാണ് കരുതിയത്. ഗ്രീക്കുകാര്‍ സൂര്യദേവനായ അപ്പോളോയുമായി കൂട്ടിക്കെട്ടി. സ്വര്‍ണം നിറച്ച സാര്‍ക്കോഫാഗിയിലാണ് ഫറവോന്മാരെ അടക്കം ചെയ്‌തിരുന്നത്. ഇത്തരം ആത്മീയ ബന്ധങ്ങള്‍ വെറും അലങ്കാര വസ്‌തുവിനപ്പുറം അഗാധ പ്രപഞ്ച പ്രാധാന്യമുള്ള ഒന്നായി ഉയര്‍ത്തി.
ബി.സി. 550-ല്‍ ലിഡിയ രാജാവായ ക്രോയസസാണ് ആദ്യം സ്വര്‍ണ നാണയങ്ങള്‍ ഇറക്കിയത്. എല്ലാ സംസ്‌കാരങ്ങളിലും പവിത്ര വസ്‌തു. പുരാതന റോമിലും മധ്യകാല യൂറോപ്പിലും കുലീന കുടുംബാംഗങ്ങള്‍ ഒഴികെ ആളുകള്‍ അമിതമായി സ്വര്‍ണം ധരിക്കുന്നത് നിയമങ്ങള്‍ വിലക്കിയത് വേറൊരു കഥ. മഞ്ഞലോഹത്തോടുള്ള അമിതാര്‍ത്തിക്ക് അതിരുകളില്ലാത്തതിനാല്‍ ആഗോള ആവശ്യം ഏറിക്കൊണ്ടിരിക്കുന്നു. സംസ്‌കാരത്തിലും വാണിജ്യത്തിലും ആഴത്തില്‍ വേരൂന്നിയ സ്വഭാവം പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഡിജിറ്റല്‍ യുഗം വികസിക്കുമ്പോഴും ബന്ധം ദൃഢതരമാവുകയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം ആഗോളതലത്തില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ആവശ്യം 2,0 93 ടണ്‍ ആയിരുന്നു. ഒന്നാം സ്‌ഥാനത്ത് ചൈന, പിന്നില്‍ ഇന്ത്യ. ലോകത്തിലെ സ്വര്‍ണാഭരണ ആവശ്യകതയുടെ പകുതിയിലേറെയും ഇരു രാജ്യങ്ങളുമാണ് നിറവേറ്റുന്നത്.
മൂര്‍ത്തിചോര്‍ പുസ്‌തകം
ശബരിമലയിലെ സംഘടിത സ്വര്‍ണക്കൊള്ള അമ്പലം വിഴുങ്ങലും വിശ്വാസക്കവര്‍ച്ചയും കൂടിയാണ്. പഴുതടച്ച അന്വേഷണമായാലും ചില സുഷിരങ്ങള്‍ക്ക് സാധ്യതയുണ്ട്. സംരക്ഷിത സ്‌ഥലങ്ങള്‍, സ്‌മാരകങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയില്‍നിന്ന് സമീപകാലത്ത് മോഷ്‌ടിച്ച 31 പുരാതന വിഗ്രഹങ്ങളില്‍ നാലെണ്ണമേ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. വിഗ്രഹ മോഷണം, കള്ളക്കടത്ത് തുടങ്ങിയവ അന്വേഷിക്കുന്ന ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ ൈപ്രഡ് പ്രോജക്‌ട് സ്‌ഥാപകനായ, സിംഗപ്പൂരില്‍ താമസിക്കുന്ന എഴുത്തുകാരനാണ് എസ്. വിജയകുമാര്‍. മോഷ്‌ടിക്കപ്പെട്ട ഇന്ത്യന്‍ കലാസൃഷ്‌ടികളും പുരാവസ്‌തുക്കളും ട്രാക്ക് ചെയ്യുന്നതിനും തിരിച്ചെത്തിക്കുന്നതിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശസ്‌തനായ ധനകാര്യ, ഷിപ്പിങ് വിദഗ്‌ദ്ധന്‍. നിരൂപക പ്രശംസ നേടിയ 'ദ് ഐഡല്‍ തീഫ്:ദി ട്രൂ സ്‌റ്റോറി ഓഫ് ദ് ലൂട്ടിങ് ഓഫ് ഇന്ത്യാസ് ടെമ്പിള്‍സ്' 2018 ഓഗ്‌സ്‌റ്റ് 28ന് ഇറങ്ങി. ചില ഭാഷകളിലേക്ക് വിവര്‍ത്തനങ്ങളുമുണ്ടായി. 'മൂര്‍ത്തി ചോര്‍' എന്ന ഹിന്ദി ശീര്‍ഷകം ഏറെ ആകര്‍ഷകമായി തോന്നി. കലാചരിത്രം, സാംസ്‌കാരിക പൈതൃകം, പുരാവസ്‌തുക്കളുടെ നിയമവിരുദ്ധ കടത്ത് എന്നിവയെ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ എഴുത്ത്.
ന്യൂയോര്‍ക്ക് ആസ്‌ഥാനമായുള്ള കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരന്‍ സുഭാഷ് കപൂറിനെ രണ്ട് രാജ്യങ്ങളിലെ നിയമപാലകര്‍ എങ്ങനെ പിന്തുടര്‍ന്നുവെന്ന് വിവരിച്ച പുസ്‌തകത്തിന് രണ്ട് ഭാഗങ്ങളാണ്. ആദ്യത്തേതില്‍ അയാളെ പിന്തുടര്‍ന്ന രീതികളുടെ വിവരണം. മറ്റേത് അഭിമുഖീകരിച്ച തടസങ്ങള്‍. - വകുപ്പിനുള്ളില്‍ കള്ളന്മാരുണ്ടായിരുന്നുവെന്നും വിലയിരുത്തി. ബിഹാറിലെ നളന്ദയില്‍നിന്ന് കുഴിച്ചെടുത്ത വെങ്കല ബുദ്ധപ്രതിമ മോഷ്‌ടിക്കപ്പെട്ട് 57 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിക്കാനുമായി. നെതര്‍ലാന്‍ഡ്‌സിലെ മാസ്‌ട്രിക്‌ടിലുള്ള യൂറോപ്യന്‍ ഫൈന്‍ ആര്‍ട്‌സ് ഫെയറില്‍ വില്‍പനയ്‌ക്കു വച്ച പ്രതിമയാണ് മോഷ്‌ടിക്കപ്പെട്ടതെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനിലെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഇന്ത്യക്ക് കൈമാറി. ഏഷ്യന്‍ സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകള്‍ക്ക് ദീര്‍ഘകാല സാന്നിധ്യമുണ്ട്, കാലക്രമേണ അവ പരിണമിച്ചു.
1981-ല്‍ ലോറന്‍സ് കാസ്‌ഡന്‍ രചിച്ച തിരക്കഥയില്‍ സ്‌റ്റീവന്‍ സ്‌പില്‍ബര്‍ഗ് ഒരുക്കിയ 'റൈഡേഴ്‌സ് ഓഫ് ദ് ലോസ്‌റ്റ് ആര്‍ക്ക്' ഹോളിവുഡ് ചിത്രത്തിന്റെ കഥാതന്തു അമേരിക്കന്‍ പുരാവസ്‌തു ഗവേഷക ഇന്ത്യാന ജോണ്‍സ് പെറുവിയന്‍ ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണ വിഗ്രഹം കണ്ടെത്തുന്നതും റെനെ ബെല്ലോക്ക് അത് തട്ടിയെടുക്കുന്നതും വികസിപ്പിച്ച ഇതിവൃത്തമാതാണ്. 2017ല്‍ ടി. കൃഷ്‌ണസാമി സംവിധാനംചെയ്‌ത 'കാലാവു തോഴിര്‍ച്ചലൈ' അഥവാ കളവ് ഫാക്‌ടറിയുടെ പ്രതിപാദ്യം രാജ്യാന്തര പ്രതിമ കടത്തായിരുന്നു. നെല്‍സണ്‍ ദിലീപ്‌കുമാറിന്റെ രചനയായ ജയിലര്‍ സിനിമയിലും പ്രധാനം വിഗ്രഹക്കടത്താണ്. ഇരു ചലച്ചിത്രങ്ങളും തമിഴില്‍. അമരാവതിയിലെ ഖനന സ്‌ഥലത്ത് നിന്ന് അപൂര്‍വ പുരാതന വിഗ്രഹം കണ്ടെത്തുന്ന നാനി അത് വിറ്റ് പണം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, വിഗ്രഹം അപ്രത്യക്ഷമാകുന്നത് മുന്‍നിര്‍ത്തി പളനി ഒരുക്കിയ തെലുങ്ക് ഫാന്റസി കോമഡി ചിത്രമാണ് ഏഞ്ചല്‍.
സ്വര്‍ണക്കൊള്ള സിനിമകളില്‍ വന്നതുപോലെ അടിവസ്‌ത്രമാറ്റവും സിനിമയില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലെ അടിവസ്‌ത്ര വാര്‍ത്തയ്‌ക്ക് ഒപ്പം ഈ സിനിമയും ചര്‍ച്ചയായി.
ശരിയായ അടിവസ്‌ത്രമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് വസ്‌ത്രങ്ങള്‍ ആവശ്യമില്ലെന്നത് പഴയൊരു പ്രയോഗമാണ്. പാസ്‌വേഡുകള്‍ അടിവസ്‌ത്രങ്ങള്‍ പോലെയാണ്: അത് ആളുകളെ കാണാന്‍ അനുവദിക്കാതെ ഇടയ്‌ക്കിടെ മാറ്റണം, അപരിചിതരുമായി പങ്കിടരുതെന്നത് ആധുനിക ഭാഷ്യവും. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പുരുഷ അടിവസ്‌ത്ര ഉപഭോഗത്തില്‍ മാന്ദ്യമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആ ഇടിവിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്രീമിയം അടിവസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ അവശ്യമല്ലാത്ത വസ്‌തുക്കള്‍ക്കായുള്ള ഉപഭോക്‌തൃ ചെലവ് കുറയ്‌ക്കുന്നതിലേക്ക് നയിച്ചേക്കാം.അത് സമ്പദ്‌വ്യവസ്‌ഥയില്‍ വിശാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിവരികയാണെന്നും കാണാം. കോവിഡിനു ശേഷം അത് ശക്‌തമായി. ഇന്ത്യക്കാര്‍ അടിവസ്‌ത്രങ്ങള്‍ ധരിക്കുന്നത് നിര്‍ത്തുന്നുവെന്നല്ല ഈ ഇടിവ് സൂചിപ്പിക്കുന്നത്, മറിച്ച് സാമ്പത്തിക സമ്മര്‍ദങ്ങള്‍ ഇടയ്‌ക്കിടെ വാങ്ങുന്നത് കുറയ്‌ക്കുകയോ വാങ്ങലുകള്‍ മാറ്റിവയ്‌ക്കുകയോ ചെയ്യുന്നുവെന്നതാണ്.
ആല്‍ബെര്‍ട്ടോ ഫെല്ലെയ്‌നിയും
ആന്‍ഡ്രൂ സാല്‍വറ്റോര്‍
സെര്‍വെല്ലിയും
മൊഹ്‌റ, തടിപാര്‍, ചമത്‌കാര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഐറിഷ് അമേരിക്കന്‍ വംശജനായ ഇന്ത്യന്‍ നടന്‍ ഗാവിന്‍ പക്കാര്‍ഡ് കേരളത്തിലും സുപരിചിതന്‍. ടി ദാമോദരന്റെ രചനയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത് 1988-ല്‍ റിലീസായ ആര്യനിലൂടെയാണ് മലയാളത്തിലെത്തിയത്. പി. പത്മരാജന്റെ സീസണിലെ ഫാബിയന്‍ എന്ന മുഴുനീള കഥാപാത്രത്തെയും അവതരിപ്പിച്ചു. ടി. ദാമോദരന്റെ രചന ആസ്‌പദമാക്കി ജി.എസ്. വിജയന്‍ ഒരുക്കിയ 'ആനവാല്‍മോതിരം' ചില സമകാലീന സമസ്യകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ആനവാല്‍ മോതിരം ഇന്ത്യന്‍ ആനകളുടെ വാലില്‍നിന്ന് ലഭിക്കുന്ന കട്ടിയുള്ള രോമങ്ങള്‍ സ്വര്‍ണ/വെള്ളി വളയത്തില്‍ സൂക്ഷിക്കുന്ന പരമ്പരാഗത ആഭരണമാണ്. മടിയനും ഭീരുവുമായ സി.ഐ. ജെയിംസ് പള്ളിത്തറയും ധീരനും സാഹസികനുമായ എസ്.ഐ. നന്ദകുമാറും ഉറ്റചങ്ങാതിമാര്‍. സംസ്‌ഥാനത്ത് സജീവമായ മയക്കുമരുന്ന് ശൃഖലയാണ് മറ്റൊരു ധാര. ആ ക്രിമിനല്‍ സംഘത്തെ സഹായിക്കാന്‍ വന്ന രാജ്യാന്തര മയക്കുമരുന്ന് വ്യാപാരി ആല്‍ബെര്‍ട്ടോ ഫെല്ലെയ്‌നി(ഗാവിന്‍ പക്കാര്‍ഡ് ) പിടിയിലായെങ്കിലും കേസ് അലസിപ്പോകുന്നു. മയക്കുമരുന്ന് ഒളിപ്പിച്ച അടിവസ്‌ത്രം ഉദ്യോഗസ്‌ഥന്‍ മാറ്റിയതാണ് പ്രശ്‌നമായത്. പതിനഞ്ചു വയസുകാരനുപോലും പാകമാവാത്ത അത് ആല്‍ബെര്‍ട്ടോയെ ഇടുവിക്കാനാവുമോയെന്ന കോടതിമുറിയിലെ ജഡ്‌ജിയുടെ ചോദ്യത്തിനു മുന്നില്‍ ശ്രീനിവാസന്‍ അവരതിപ്പിച്ച ജെയിംസ് പള്ളിത്തറയെന്ന സി.ഐ. പതറുകയാണ്.
തൊണ്ടിമുതല്‍ തിരിമറി കേസില്‍ അഭിഭാഷകനായ ആന്റണി രാജുവിനെയും ബെഞ്ച്‌ക്ല ാര്‍ക്ക് കെ.എസ്. ജോസിനെയും നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ല ാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത് മൂന്നര ദശാബ്‌ദം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ്. 1990ല്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വറ്റോര്‍ സെര്‍വെല്ലി അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ച് 61.5 ഗ്രാം മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിക്കവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്‌റ്റിലായതാണ് സംഭവത്തുടക്കം.
പ്രതിയെ രക്ഷിക്കാന്‍ നിര്‍ണായക തൊണ്ടിമുതലായ കടുംനീല നിറത്തില്‍ ബനിയന്‍ തുണിയിലുള്ള അടിവസ്‌ത്രം കൈവശപ്പെടുത്തി അളവ് മാറ്റി തയ്‌ച്ച് തിരിച്ചുവച്ചു എന്നതാണ് കേസ്. തിരുവനന്തപുരം ജെ.എഫ്.എം.സി. -രണ്ടില്‍ സൂക്ഷിച്ചിരുന്ന അടിവസ്‌ത്രം അഭിഭാഷകനായ ആന്റണി രാജുവും ജോസും ചേര്‍ന്ന് കൈവശപ്പെടുത്തി അളവുമാറ്റി തയ്‌ച്ചു തിരികെവച്ചു എന്നാണ് കേസ്. വിചാരണ കോടതി ശിക്ഷിച്ചെങ്കിലും ഉടന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ച പ്രതി കുറ്റവിമുക്‌തനായി പിറ്റേന്ന് രാജ്യംവിട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഓസ്‌ട്രേലിയന്‍ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയില്‍നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗസ്‌ഥന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവില്‍ ഒരു എം.എല്‍.എയ്‌ക്ക് അയോഗ്യനായി വീട്ടിലിരിക്കാമെന്നായി.
എ.വി. അനില്‍കുമാര്‍