-->
പത്തനംതിട്ട: കോവിഡ് കാലത്തിനു ശേഷം കാഴ്‌ചശക്‌തിയില്‍ കുറവുവരുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി പഠനം. അഞ്ച് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ നേരത്തെ അഞ്ച് ശതമാനത്തിനാണ് കാഴ്‌ചയ്‌ക്കു പ്രശ്‌നങ്ങളുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 15 ശതമാനത്തിലേക്ക് എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നെന്ന് ഒപ്‌റ്റോമെട്രിസ്‌റ്റ് വിദഗ്‌ധര്‍ പറയുന്നു.
കുട്ടികളില്‍ കണ്ണടയുടെ ഉപയോഗം വര്‍ധിക്കാന്‍ ഇത് ഇടയാക്കുന്നു. കൃത്യമായ ഇടപെടീലിലൂടെ ഇത് കൂടാതെ നോക്കാന്‍ കഴിയും. എന്നാല്‍ പരിശോധനകളുടെ കുറവ് ഇതിന് വിഘാതം സൃഷ്‌ടിക്കുന്നു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ നേത്രപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നു നിര്‍ദേശമുണ്ടെങ്കിലും നടപ്പാകുന്നില്ല. പരിശോധനകള്‍ നടത്തേണ്ട ഒപ്‌റ്റോമെട്രിസ്‌റ്റ് ജീവനക്കാരുടെ കുറവും ഇതിനു തടസമാകുന്നുണ്ട്.
ജീവനക്കാരുടെ കുറവുമൂലം ദേശീയ അന്ധതാ-കാഴ്‌ച വൈകല്യ നിയന്ത്രണ പരിപാടിയും കൃത്യമായി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നില്ല. ബ്ലോക്ക് തല കേന്ദ്രത്തില്‍ നിന്നും ജീവനക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടി പോകേണ്ടതിനാല്‍ സ്‌കൂളുകളിലെ പരിശോധനയും ചികിത്സയും വൈകുന്നുണ്ട്.
തിമിരം, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയ മൂലമുണ്ടാകുന്ന കാഴ്‌ച വൈകല്യങ്ങളും ഡയബറ്റിക് റെറ്റിനോപ്പതി, ോക്കോമ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളും പരിശോധനയിലൂടെ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. ഇതിനായി സ്‌കൂള്‍ കുട്ടികളിലുള്ള കാഴ്‌ച വൈകല്യങ്ങളും മറ്റ് നേത്ര രോഗങ്ങളും നേരത്തേ കണ്ടെത്തുന്നതിനായി ഏര്‍പ്പെടുത്തിയതാണ് വിദ്യാലയ കാഴ്‌ച പരിശോധനാ പരിപാടി. ദേശീയ അന്ധതാ - കാഴ്‌ചവൈകല്യ നിയന്ത്രണ പരിപാടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണ് ഇതും നടക്കേണ്ടത്. എന്നാല്‍ സാങ്കേതിക ജീവനക്കാരുടെ കുറവ് പലയിടത്തും ഇതിന് തടസമാകുന്നുണ്ട്.