-->
തിരുവനന്തപുരം/കൊല്ലം: ഭഗവാന്റെ പ്രതിപുരുഷനായി ഭക്‌തര്‍ കണ്ടിരുന്ന തന്ത്രി താഴമണ്‍മഠം കണ്‌ഠര് രാജീവരും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്‌റ്റില്‍. ഇന്നലെ രാത്രി എട്ടോടെ കൊല്ലം വിജിലന്‍സ് കോടതി ജഡ്‌ജി സി.എസ്. മോഹിത്തിനു മുന്നില്‍ ഹാജരാക്കിയ തന്ത്രിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌ത് തിരുവനന്തപുരം സ്‌പെഷല്‍ ജയിലിലേക്കു മാറ്റി. കേസില്‍ 13-ാം പ്രതിയാണ് രാജീവര്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ 13 നു പരിഗണിക്കും.
തന്ത്രി ആചാരലംഘനത്തിനു കൂട്ടുനിന്നെന്നും മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് ശ്രീകോവില്‍ കട്ടിളപ്പാളി കൊണ്ടുപോകാന്‍ ഒത്താശ ചെയ്‌തെന്നും പ്രത്യേകാന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി) അറസ്‌റ്റ് നോട്ടീസില്‍ പറയുന്നു.
പോറ്റിയുമായി വര്‍ഷങ്ങളായുള്ള അടുപ്പം മൂലമാണ് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോകാന്‍ തന്ത്രി അനുമതി നല്‍കിയത്. ദേവന്റെ അനുജ്‌ഞ തേടാതെയും താന്ത്രികവിധി പാലിക്കാതെയുമാണ് കട്ടിളപ്പാളികള്‍ ക്ഷേത്രത്തിനു പുറത്തേക്കു കൊണ്ടുപോയത്. സ്വര്‍ണപ്പാളികള്‍ ദേവസ്വം ബോര്‍ഡ് പോറ്റിക്കു കൈമാറിയപ്പോള്‍ തന്ത്രി തടഞ്ഞില്ല. പകരം, കുറ്റകരമായ മൗനാനുവാദം നല്‍കി.
ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായ ശബരിമല തന്ത്രിപദവി 2018-19 കാലഘട്ടത്തില്‍ വീണ്ടും വഹിച്ചിരുന്ന രാജീവര് മുഖ്യപുരോഹിതനെന്ന നിലയില്‍ ക്ഷേത്രത്തിന്റെ ചൈതന്യവും പരിപാവനതയും ആത്മീയമൂല്യവും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്‌ഥനാണ്. എന്നിട്ടും, ശ്രീകോവിലിന്റെ വാതില്‍ക്കട്ടിളയില്‍ ഘടിപ്പിച്ച സ്വര്‍ണം പതിച്ച ചെമ്പുപാളികള്‍ അറ്റകുറ്റപ്പണി നടത്തി സ്വര്‍ണം പൂശാന്‍ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശപ്രകാരം 2019 മേയ് 18-ന് ഇളക്കിയെടുത്ത് ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് കൈമാറാന്‍ ദേവന്റെ അനുജ്‌ഞ വാങ്ങാതെയും താന്ത്രികനടപടികള്‍ പാലിക്കാതെയും ആചാരലംഘനം നടത്തിയെന്നും നോട്ടീസില്‍ പറയുന്നു.
തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നോട്ടീസില്‍ പരാമര്‍ശമില്ല. എന്നാല്‍, തന്ത്രിയുടെ നടപടികള്‍ ക്ഷേത്രാചാരങ്ങള്‍ക്കും നിയമവ്യവസ്‌ഥകള്‍ക്കും വിരുദ്ധമാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തന്ത്രിയുടെ കസ്‌റ്റഡി അനിവാര്യമാണെന്നുമാണ് എസ്.ഐ.ടി. നിലപാട്.
ഞെട്ടിച്ച് എസ്.ഐ.ടി.
ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം അതീവരഹസ്യമായി ചോദ്യംചെയ്‌തശേഷമാണ് തന്ത്രി കണ്‌ഠര് രാജീവരുടെ അറസ്‌റ്റ് എസ്.ഐ.ടി. രേഖപ്പെടുത്തിയത്.
തുടര്‍ന്ന്, തിരുവനന്തപുരം ഈഞ്ചയ്‌ക്കലിലെ ൈക്രംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വൈകിട്ട് അഞ്ചോടെ തിരുവനന്തപുരം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ആരോഗ്യപരിശോധന നടത്തി. രാത്രി എട്ടോടെ കൊല്ലം വിജിലന്‍സ് കോടതി ജഡ്‌ജിക്കു മുമ്പാകെ ഹാജരാക്കി.