Saturday, March 14, 2026 Last Updated 33 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.11 AM

അര്‍ത്തുങ്കല്‍ പള്ളി തിരുനാള്‍ കൊടിയേറ്റ്‌; പതാക പാലാ ളാലം പഴയപള്ളിയില്‍നിന്ന്‌

പാലാ: പ്രസിദ്ധമായ അര്‍ത്തുങ്കല്‍ പെരുന്നാളിന്റെ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയ പള്ളിയില്‍നിന്ന്‌. ഇന്നു രാവിലെ പാലായില്‍നിന്ന്‌ 21 വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണമായിട്ട്‌ തിരുനാള്‍ കൊടി കൊണ്ടുപോകും.
അര്‍ത്തുങ്കല്‍ പള്ളിയില്‍നിന്നു വൈദികരും കൈകാരന്മാരും കമ്മറ്റി അംഗങ്ങളും അടങ്ങിയ പ്രതിനിധി സംഘം രാവിലെ എട്ടിന്‌ ളാലം പള്ളിയില്‍ എത്തും. ഏഴിന്‌ വിശുദ്ധ കുര്‍ബാനയ്‌ക്കും നിത്യസഹായ മാതാവിന്റെ നൊവേനയ്‌ക്കും ഡോ. കണ്ണന്‍ രചിച്ച്‌ സംഗീതം നല്‍കിയ അമ്മ അമലാംബിക എന്ന ഗാനത്തിനുഷം ഏഴടി നീളമുള്ള പതാക വെഞ്ചരിച്ച്‌ ളാലം പഴയ പള്ളി വികാരിയും പ്രതിനിധികളും അര്‍ത്തുങ്കല്‍ പള്ളിയില്‍നിന്ന്‌ എത്തിയ പ്രതിനിധി സംഘത്തിനു കൈമാറും. അലങ്കരിച്ച വാഹനത്തില്‍ പ്രദക്ഷിണമായി അര്‍ത്തുങ്കല്‍ പള്ളിയിലെത്തിക്കുന്ന കൊടി സ്വീകരിച്ച്‌ വൈകുന്നേരം 6.30ന്‌ ആലപ്പുഴ രൂപതാ ബിഷപ്‌ ഡോ. ജെയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റ്‌ നിര്‍വഹിക്കും. 1998-ല്‍ പാലാക്കാരിയായ ഐഷ മുത്തോലി എന്ന ഭക്‌തയ്‌ക്ക്‌ ഉണ്ടായ ദൈവാനുഭവത്തിന്റെ ഉപകാരസ്‌മരണയായിട്ടാണ്‌ പാലായില്‍നിന്ന്‌ ഈ പതാക സമര്‍പ്പണം ആരംഭിച്ചത്‌.1998-ല്‍ പാലാ ളാലം പഴയ പള്ളിയില്‍നിന്ന്‌ ഈ പ്രയാണം ആരംഭിച്ചപ്പോള്‍ പാലാ രൂപതാധ്യക്ഷന്‍ അന്ന്‌ അര്‍ത്തുങ്കലില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. പിന്നീട്‌ സെന്റ്‌ ജോസഫ്‌ ട്രസ്‌റ്റാണ്‌ പാലായില്‍നിന്ന്‌ ഈ പ്രദക്ഷിണം നയിച്ചിരുന്നത്‌. രണ്ട്‌ റീത്തുകളും രണ്ട്‌ രൂപതകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ പ്രതീകം ആകയാല്‍ പഴയകാലത്തെപ്പോലെ തന്നെ പാലാ ളാലം പള്ളിയില്‍നിന്ന്‌ പ്രയാണം ആരംഭിക്കണമെന്ന പാലാ ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ്‌ തടത്തിലിന്റെ അഭ്യര്‍ഥന മാനിച്ചാണ്‌ ഇത്തവണ പാലാ ളാലം പള്ളിയില്‍നിന്ന്‌ പതാകപ്രദക്ഷിണം ആരംഭിക്കുന്നത്‌.

Ads by Google
Saturday 10 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW