-->
കൊച്ചി: ശബരിമല ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ സമര്‍പ്പിക്കാത്തതില്‍ ദേവസ്വം ബോര്‍ഡിനോടു കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് ഹൈക്കോടതി. അയ്യപ്പസംഗമം നടത്താന്‍ അനുമതി നല്‍കിയപ്പോള്‍ വരവുചെലവ് കണക്കുകള്‍ നിശ്‌ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നു നിര്‍ദേശം നല്‍കിയിരുന്നതു ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് രാജാ വിജയരാഘവന്‍, ജസ്‌റ്റിസ് കെ. വിജയകുമാര്‍ എന്നിവരുടെ വിമര്‍ശനം.
ബില്ലുകളുമായി ബന്ധപ്പെട്ട കാലതാമസം ചൂണ്ടിക്കാട്ടി ഒരു മാസംകൂടി ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത് കോടതി അനുവദിച്ചു. ഇത് അവസാന അവസരമാണെന്നും ഒരു മാസത്തിനകം കണക്കുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഉത്തരവ് ലംഘിച്ചതിനു നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വ്യക്‌തമാക്കി. മനഃപൂര്‍വമായ കാലതാമസം വരുത്തിയിട്ടില്ലെന്നും ബില്ലുകള്‍ ഓഡിറ്റ് ചെയ്‌തു കിട്ടുന്നതിലെ താമസമാണ് വൈകലിനു കാരണമെന്നുമാണ് ദേവസ്വം ബോര്‍ഡ് കോടതിയെ ധരിപ്പിച്ചത്. ബില്ലുകളെല്ലാം പാര്‍ട്ടേഡ് അക്കൗണ്ടന്റിന് നല്‍കിയിരുന്നു.
എന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്‌തത തേടി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫയല്‍ തിരിച്ചയച്ചു. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ് കണ്‍സ്‌ട്രക് ഷന്‍ (ഐ.ഐ.ഐ.സി) മുഴുവന്‍ ബില്ലുകളും സമര്‍പ്പിച്ചിട്ടില്ലെന്നാണു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞത്. ഇക്കാര്യം ഐ.ഐ.ഐ.സിയെ അറിയിച്ചെന്നും അവര്‍ കുറച്ചു ബില്ലുകള്‍ കൂടി നല്‍കിയിട്ടുള്ളത് അക്കൗണ്ടന്റിന്റെ പരിഗണനയിലാണെന്നും ബോര്‍ഡ് പറഞ്ഞു. സെപ്‌റ്റംബര്‍ 20 നാണ് ആഗോള അയ്യപ്പസംഗമം നടന്നത്. ഇതിനുള്ള അനുമതി സെപ്‌റ്റംബര്‍ ഒമ്പതിനു നല്‍കുമ്പോള്‍ 45 ദിവസത്തിനകം പൂര്‍ണമായ കണക്ക് സമര്‍പ്പിക്കണമെന്നായിരുന്നു കോടതിയൂടെ നിര്‍ദേശം. പങ്കെടുത്തവരുടെ എണ്ണം, താമസസൗകര്യം, സംഭാവന എന്നിവയടക്കം എല്ലാ കണക്കുകളും സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. ആഗോള അയ്യപ്പസംഗമത്തിനെതിരായ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഉപാധികളോടെ സംഗമം നടത്താന്‍ കോടതി അനുവദിച്ചത്. കണക്കുകള്‍ സമര്‍പ്പിക്കാന്‍ നവംബറില്‍ 45 ദിവസം നീട്ടിക്കൊടുത്തിരുന്നു. ഈ സമയവും അവസാനിച്ചിട്ടും കണക്കുകള്‍ സമര്‍പ്പിക്കാതെ വീണ്ടും സമയം നീട്ടിച്ചോദിച്ചതോടെയാണ് കോടതി ഇന്നലെ അതൃപ്‌തി രേഖപ്പെടുത്തിയത്.