-->
കൊച്ചി: പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയാറാക്കാനും മത്സരം സംഘടിപ്പിച്ച ബെവ്‌കോ നടപടിക്കെതിരേ ഹൈക്കോടതി വിശദീകരണം തേടി സംസ്‌ഥാന സര്‍ക്കാരിനു നോട്ടീസയച്ചു. ബെവ്‌കോയുടെ നടപടി ചോദ്യം ചെയ്‌തുള്ള ഹര്‍ജിയിലാണു നോട്ടീസ്.
സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ഹര്‍ജിയിലെ വാദം. പാലക്കാട്ടെ മലബാര്‍ ഡിസ്‌റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യം. ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്കു 10,000 രൂപ സമ്മാനം നല്‍കാനാണ് ബെവ്‌കോ തീരുമാനം. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്‌റ്റിലറീസില്‍ നിന്നും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്കു പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണു ബവ്‌കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ജനുവരി ഏഴിനകം അയക്കാനാണു ബെവ്‌കോ എം.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.