-->
മലയാളത്തിന്റെ ഗാനഗന്ധവ്വന്‍ യേശുദാസ് ആസ്വാദകരെ സംബന്ധിച്ച് സംഗീതത്തിന്റെ മറ്റൊരു പേരാണ്. എല്ലാ തീഷ്ണവികാരങ്ങളിലും പേരിടാനാവാത്ത വൈകാരികതയ്ക്കും മലയാളിയുടെ ഈണമായി മാറിയ ഇതിഹാസ സ്വരം. ദാസേട്ടനെന്ന യേശുദാസിന്റെ സ്വരം കേള്‍ക്കാത്ത, ആസ്വദിക്കാത്ത മലയാളികളുണ്ടാകില്ല.
തമിഴിലും എണ്ണത്തിൽ കുറവെങ്കിലും ഹിന്ദിയിലും ക്ലാസ്സിക്കുകൾ ഗാനങ്ങള്‍ ഏറെ പാടിയിട്ടുണ്ട് യേശുദാസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് തന്റെ സ്വര മാധുര്യമറിയിച്ചിട്ടുണ്ട് ഗായകന്‍. ഗാനഗന്ധർവൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന മലയാളത്തിന്റെ സ്വന്തം ദാസേട്ടൻ ഇന്ത്യൻ പിന്നണി ഗാന രംഗത്തെ തന്നെ അതുല്യനായി ഇന്നും തുടരുന്നു. ഇന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 86-ാം പിറന്നാളാണ്. കലാ മേഖലയിലെ എല്ലാ സഹപ്രവര്‍ത്തകരും ദാസേട്ടന് പിറന്നാളാശംസകള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരുന്നുണ്ട്.
ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ബിജു നാരായണന്‍ യേശുദാസിന് ഹൃദയത്തില്‍ ചാലിച്ച ആശംസ കുറിപ്പുകള്‍ പങ്കിട്ടിരിക്കുന്നത്. യേശുദാസിനൊപ്പമുള്ള ഒരു പഴയകാലചിത്രം പങ്കിട്ടാണ് ബിജു നാരായണന്റെ കുറിപ്പ്.
‘‘ചെറുപ്പത്തിൽ ആ ഗന്ധർവ്വ നാദം മുഴങ്ങുന്ന കച്ചേരികളും,ഗാനമേളകളും ഒരു പാട് അകലെ നിന്ന് കേൾക്കുവാനും കാണുവാനും ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും, ആ ഗാനഗന്ധർവനെ ആദ്യമായി അടുത്തു കണ്ടു ഫോട്ടോ എടുത്ത നിമിഷം, അവസരം ഒരിക്കലും മറക്കാൻ സാധിക്കില്ല.അത് പങ്ക് വയ്ക്കുന്നു. ആ നാദത്തിന് 86 വയസ്സ് തികയുന്നു. ഹാപ്പി ബര്‍ത്ത്ഡേ ദാസേട്ടാ....’’ എന്നാണ് ത്രോ ബാക്ക് ചിത്രങ്ങള്‍ പങ്കിട്ടാണ് ബിജു നാരായണന്‍ കുറിച്ചത്.
യേശുദാസ് സിനിമയിൽ പിന്നണി ഗായകനായി തുടക്കമിടുന്നത് കെ എസ് ആന്റണി സംവിധാനം ചെയ്ത് 1961ൽ പുറത്തിറങ്ങിയ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടാണ്. ഇന്നും ആ സ്വരമാധുരി തുടരുന്നു. 2017- ൽ രാജ്യം പത്മവിഭൂഷണും, 2002-ൽ പത്മഭൂഷണും, 1973-ൽ പത്മശ്രീ നൽകിയും യേശുദാസിനെ ആദരിച്ചു.