-->
കെ.ജി. എഫ് സീരീസിനു ശേഷം യഷ് നായകനായി എത്തുന്ന ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ടോക്സിക്: ദ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്’ എന്ന ചിത്രത്തിന്റെ ടീസർ ഇക്കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കായി വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. യഷിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. യാഷിന്റെ റായ എന്ന കഥാപാത്രത്തിന്റെ മാസ് ഇൻട്രൊയാണ് ടീസറിലുള്ളത്.
എന്നാല്‍ ഈ ഫസ്റ്റ് ഗ്ലിംപ്സ് ടീസറില്‍ ഒരു നടിയുടെ ബോൾഡ് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീസറിൽ ശ്മശാനത്തിൽ നടക്കുന്ന സംഘർഷഭരിതമായ ശവസംസ്കാര രംഗത്തിനിടയിലേക്ക് മാസ് എന്‍ട്രി നടത്തുന്ന യഷിനെ കാണാം, ഈ എൻട്രിക്ക് മുന്‍പായാണ് കാറിനകത്തുള്ള ബോൾഡ് രംഗങ്ങളുള്ളത്.
പക്ഷേ ടീസര്‍ റിലീസായതിനു പിന്നാലെ സംവിധായികയായ ഗീതു മോഹന്‍ദാസിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്. സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിനെതിരെ ശബ്ദമുയർത്തിയ ഗീതുവിനെക്കുറിച്ചും ‘ടോക്സിക്’ സിനിമയും താരതമ്യപ്പെടുത്തിയാണ് വിമര്‍ശനങ്ങള്‍. ഗീതു മോഹൻദാസിന്റെ മുൻ നിലപാടുകളും ടോക്സിക്ക് സിനിമയിലെ ബോൾഡ് രംഗങ്ങളുമാണ് പലരും കൂട്ടിച്ചേര്‍ത്തു പറയുന്നത്. മമ്മൂട്ടി കസബയില്‍ ഒരു പൊലീസുകാരിയുടെ ബെല്‍റ്റില്‍ പിടിച്ചു എന്നതിലല്ല, ഒരു ഹീറോ അത് ചെയ്തതിലാണ് പ്രശ്‌നം എന്ന് മുന്‍പ് ഗീതു മോഹന്‍ദാസ് അടക്കമുള്ള സംഘം പറഞ്ഞിരുന്നു. അതും ചേര്‍ത്താണ് പരിഹാസ കമന്റുകള്‍ വരുന്നത്.
ഇപ്പോഴിതാ ഗീതു മോഹന്‍ദാസിന്റെ ഉറ്റ സുഹൃത്തും അഭിനേത്രിയും ഡബ്ല്യൂ സിസിയിലെ പ്രധാന അംഗവുമായ റിമ കല്ലിങ്കല്‍ ഈ വിമര്‍ശനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ്. ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ അലസമായി നടക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് റിമ കല്ലിങ്കല്‍ ഗീതു മോഹന്‍ദാസിനെ പിന്തുണച്ചത്.
‘‘സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയും സമ്മതവും, വ്യവസ്ഥിതികളെ സ്ത്രീകൾ എങ്ങനെ തങ്ങൾക്കനുകൂലമായി ഉപയോഗിക്കുന്നു എന്നത് ലോകം ഇനിയും പഠിച്ചു വരുന്നതേയുള്ളൂ...അത് പൂർത്തിയാകുന്നത് വരെ താൻ ജീവിതം ആസ്വദിക്കാന്‍ പോകുന്നു...’’എന്ന് ഷോര്‍ട്ട് വീഡിയോയില്‍ കുറിച്ചാണ് റിമയുടെ പോസ്റ്റ്. ഈ വീഡിയോയില്‍ പുറം തിരിഞ്ഞു നടക്കുകയും പിന്നീട് തിരിച്ച് വലിയ സന്തോഷത്തോടെ തുള്ളിച്ചാടി വരുന്ന റിമയെയും കാണാം. ഈ കുറിപ്പ് അടങ്ങിയ വിഡിയോയുടെ സ്ക്രീൻഷോട്ട് ഗീതു മോഹൻദാസും പങ്കുവച്ചിട്ടുണ്ട്. ‘ഞാനിപ്പോൾ പറഞ്ഞു കഴിഞ്ഞു’ എന്ന് ഇംഗ്ലിഷിൽ കുറിച്ചാണ് ഗീതു പ്രതികരണം അറിയിച്ചത്. ഏറെ വിവാദമായ 2017ലെ ഗീതുവിന്റെ ‘സേ ഇറ്റ്’ പ്രസ്താവനയുടെ തുടർച്ച പോലെയായിരുന്നു ഗീതുവിന്റെ സ്റ്റോറി.
ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യങ്ങളെ ‘അശ്ലീലം’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്കുള്ള കൃത്യമായ മറുപടി എന്ന നിലയിലാണ് റിമ പോസ്റ്റ് പങ്കുവച്ചത്.
താരത്തിന്റെ ഈ പോസ്റ്റിനു താഴെയും വലിയ തോതിലുള്ള വിമര്‍ശന കമന്റുകള്‍ നിറയുന്നുണ്ട്. ‘കൂട്ടുകാരിയുടെ ആവിഷ്കാര സ്വാതന്ത്ര്യം ആയിട്ടാണോ കാണുന്നത്, അതോ സ്ത്രീ വിരുദ്ധത ആയിട്ടാണോ കാണുന്നത്?? ഓഹ്... ആ സീനിൽ അഭിനയിച്ച സ്ത്രീ കണ്‍സെന്റ് കൊടുത്തിട്ടാണല്ലോ അല്ലെ?? അതാകും പുതിയ ന്യായീകരണം..., എന്തുകൊണ്ടാണ് നിങ്ങൾ കസബ എന്ന സിനിമയെ ഇതേ രീതിയിൽ വിമർശിക്കാതിരുന്നത്? ആ സമയത്ത് ഇതേ അർത്ഥത്തിൽ തന്നെ എടുക്കാമായിരുന്നില്ലേ, ഇതിന്റെ മലയാളം തർജമ : ഞങ്ങളിട്ടാൽ ബർമുഡ, നിങ്ങളിട്ടാൽ വള്ളിക്കളുസം, ഗീതു ജി എയർ ൽ പോയപ്പോ അമ്മായി ന്യായികരണം വന്നിട്ടുണ്ട്...കാണുന്ന നമ്മളെ പ്രശ്നം ആണെന്ന്.. സെക്സ് ചെയ്യാൻ അല്ലെ സിനിമ എന്ന്...’ എന്നതടക്കമാണ് കമന്റുകള്‍. ഭൂരിപക്ഷം കമന്റുകളും നെഗറ്റീവുകള്‍ തന്നെയാണ്.
റീമയെ കൂടാതെ നടി ദിവ്യപ്രഭയും ആഷിക്ക് അബുവും ഗീതു മോഹൻദാസിന് പിന്തുണയുമായി എത്തിയിരുന്നു. ‘ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും...’ എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ലൈംഗികതയെ ഒരു സ്വാഭാവിക പ്രക്രിയയായി കാണുന്നതിന് പകരം സദാചാരത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കുകയാണെന്നും ലൈംഗികതയേയും സ്ത്രീശരീരത്തെയും മലയാളി സമൂഹം നോക്കിക്കാണുന്ന രീതിയിലെ ഇരട്ടത്താപ്പിനെക്കുറിച്ചുമാണ് ഈ കുറിപ്പുകള്‍.
സംഭവം എന്തു തന്നെയായാലും ഗീതുമോഹന്‍ദാസിന്റെ ടോക്‌സിക് എന്ന ചിത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ ടീസര്‍ 24 മണിക്കൂറിനുള്ളില്‍ അന്‍പത് മില്യണ്‍ വ്യൂസ് ടോക്‌സിക്- ഇന്‍ട്രൊഡ്യൂസിങ് റായ എന്നതിന് കിട്ടിക്കഴിഞ്ഞു. യാഷിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് താരത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ വീഡിയോ ഇറക്കിയതെങ്കിലും, പൊങ്കാല മുഴുവന്‍ സംവിധായിക ഗീതു മോഹന്‍ദാസിന് നേരെയാണ്. സേ ഇറ്റ്, സേ ഇറ്റ് എന്ന് പറഞ്ഞ ഗീതു മോഹന്‍ദാസ് എങ്ങിനെ ഇതുപോലൊരു അഡള്‍ട്‌സ് ണ്‍ലി കണ്ടന്റ് സിനിമ പിടിക്കും എന്നാണ് സിനിമ നിരീക്ഷകരുടെ ചോദ്യം.