-->
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച മലയാളി എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്‌ഥനെ സര്‍വീസില്‍ നിന്നുനീക്കി. ഇ.ഡി. ഡെപ്യൂട്ടി ഡയറക്‌ടര്‍ പി. രാധാകൃഷ്‌ണനെതിരെയാണു നടപടി. സെക്ഷന്‍ 56 ജെ പ്രകാരമുള്ള നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശിച്ച് ധനകാര്യമന്ത്രാലയം മൂന്നു ദിവസം മുമ്പ് ഉത്തരവിറക്കിയിരുന്നു. രാഷ്‌ട്രപതി തീരുമാനത്തില്‍ ഒപ്പുവച്ചു.
കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്‌ണനെതിരേ അന്വേഷണം നടത്തിയിരുന്നു. നിലവില്‍ ജമ്മു കശ്‌മീരില്‍ ഡെപ്യൂട്ടി ഡയറക്‌ടറായി ജോലി ചെയ്യുകയായിരുന്നു. റെയ്‌ഡ് വിവരം ചോര്‍ത്തി എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് രാധാകൃഷ്‌ണനെതിരേ ഉയര്‍ന്നത്. എം. ശിവശങ്കറിന്റെ അറസ്‌റ്റിനടക്കം നേതൃത്വം നല്‍കിയ ഉദ്യോഗസ്‌ഥനാണ്. കേസിന്റെ അന്വേഷണത്തിലെ പിന്നീടുള്ള ചില ഘട്ടങ്ങളില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്നതടക്കമുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു. ബി.ജെ.പി. ഉള്‍പ്പെടെ ഈ ആക്ഷേപം ഉയര്‍ത്തിയിരുന്നു.
മറ്റുചില സുപ്രധാന കേസുകളിലും പി. രാധാകൃഷ്‌ണന്‍ അസാധാരണവും വഴിവിട്ടതുമായ ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്‌ഥലംമാറ്റിയത്. പിന്നീട് വീണ്ടും അദ്ദേഹം കൊച്ചിയില്‍ ചാര്‍ജെടുക്കുകയായിരുന്നു. ഇതിനിടയിലാണ് കശുവണ്ടി വ്യവസായി ആയ അനീഷ് ബാബു ഇ.ഡി. ഉദ്യോഗസ്‌ഥര്‍ക്കെതിരേ കൈക്കൂലി ആരോപണവുമായി മുന്നോട്ടുവന്നത്.
അനീഷ് ബാബു ഉന്നയിച്ച പേരുകളില്‍ പി. രാധാകൃഷ്‌ണനും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പേര് തിരുത്തപ്പെട്ടിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇ.ഡിയില്‍ ആഭ്യന്തര അന്വേഷണം നടന്നുവരികയായിരുന്നു. തനിക്കെതിരായ നടപടി പ്രതികാരനടപടിയാണെന്നും, സ്‌ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇതു തള്ളിയിരുന്നു.