-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള, വിഗ്രഹക്കടത്തു കേസില്‍ പ്രവാസി വ്യവസായിയില്‍നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). മുമ്പു നല്‍കിയ നിര്‍ണായകമൊഴിയിലെ വൈരുധ്യങ്ങളും വ്യക്‌തതയില്ലായ്‌മയും പരിശോധിക്കാനാണ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വിഗ്രഹങ്ങള്‍ കണ്ടെന്നും ഒരു വാഹനം നിറയെ പണവുമായി സംഘം എത്തിയെന്നുമുള്ള മൊഴി സാങ്കേതിക തെളിവുകളുടെ അടിസ്‌ഥാനത്തില്‍ പരിശോധിക്കാനാണ് നീക്കം. പ്രവാസി വ്യവസായിയുടെ ഫോണ്‍ രേഖകള്‍, കോള്‍ വിവരങ്ങള്‍, സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ആശയവിനിമയം സമഗ്രമായി പരിശോധിക്കാന്‍ സൈബര്‍ സെല്ലിന് എസ്.ഐ.ടി. നിര്‍ദേശം നല്‍കി.
ഡിണ്ടിഗല്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി എം.എസ്. മണി എന്ന ഡി. മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് എസ്.ഐ.ടി. വ്യക്‌തമാക്കി. മണി തലസ്‌ഥാനത്ത് രണ്ടുവട്ടം എത്തിയിട്ടുണ്ടെങ്കിലും അത് വ്യക്‌തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നുവെന്നാണ് നിലവിലെ കണ്ടെത്തല്‍.
സ്വര്‍ണക്കൊള്ളയ്‌ക്കു ഡി. മണിയുമായി ബന്ധമുണ്ടെന്ന ആരോപണം പരസ്യമായി ഉന്നയിച്ച മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് ഈ വിവാദങ്ങളില്‍ നേരിട്ടോ പരോക്ഷമായോ പങ്കുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. ആവശ്യമെങ്കില്‍ ചെന്നിത്തലയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തേക്കും.
കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ പ്രവാസികള്‍ തയാറാണെന്ന ചെന്നിത്തലയുടെ പ്രസ്‌താവനയും പരിശോധിക്കും.മണിയുടെ സഹായിയെന്ന പ്രവാസിയുടെ മൊഴിയെത്തുടര്‍ന്ന് ചോദ്യം ചെയ്‌ത വിരുതുനഗര്‍ സ്വദേശി ശ്രീകൃഷ്‌ണന്‍, സിം കാര്‍ഡ് നല്‍കിയ ബാലമുരുകന്‍ എന്നിവര്‍ക്കു ശബരിമല സ്വര്‍ണക്കൊള്ളയിലോ വിഗ്രഹക്കച്ചവടത്തിലോ പങ്കുണ്ടെന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും എസ്.ഐ.ടി. പറയുന്നു. ശ്രീകൃഷ്‌ണന്‍ ഇറിഡിയം തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്.
എസ്.ഐ.ടിയുടെ കണ്ടെത്തലുകളോട് നന്ദി അറിയിക്കുന്ന നിലപാടാണ് എം.എസ്. മണിക്കുള്ളത്. എന്നാല്‍ പ്രവാസി വ്യവസായിയുടെ പുതുക്കിയ മൊഴി, ഫോണ്‍ രേഖകളുടെ പരിശോധന, രാഷ്‌ട്രീയ ഇടപെടല്‍ സംശയങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ കേസില്‍ അന്തിമ നിഗമനത്തിലെത്തുകയുള്ളുവെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി.
സുനില്‍ ജെ. സണ്ണി