Saturday, March 14, 2026 Last Updated 13 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

കേസ്‌ ഒതുക്കാന്‍ 6.60 ലക്ഷം; 4 പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

പെരുമ്പാവൂര്‍: കൈക്കൂലി വാങ്ങി ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പു കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച നാലു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു സസ്‌പെന്‍ഷന്‍.
കുറുപ്പംപടി പോലീസ്‌ സ്‌റ്റേഷനിലെ ഗ്രേഡ്‌ എസ്‌.ഐയും റൈറ്ററുമായ അബ്‌ദുള്‍ റഊഫ്‌, സി.പി.ഒമാരായ ഷഫീക്ക്‌, ഷക്കീര്‍, സഞ്‌ജു ജോസ്‌ എന്നിവര്‍ക്കെതിരേയാണു നടപടി. വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ റൂറല്‍ ജില്ലാ പോലീസ്‌ മേധാവി എം. ഹേമലതയാണു നാലുപേരെയും സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ്‌ കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരായി നിന്ന്‌ പ്രതികളില്‍നിന്ന്‌ 6.60 ലക്ഷം രൂപയാണ്‌ ഇവര്‍ വാങ്ങിയത്‌. ഗുജറാത്തില്‍ നടന്ന തട്ടിപ്പുകേസിലെ പ്രതികള്‍ക്ക്‌ നോട്ടീസ്‌ നല്‍കാന്‍ അവിടുത്തെ രണ്ടു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ കേരളത്തിലെത്തിയിരുന്നു.
പ്രതികള്‍ കുറുപ്പംപടി സ്‌റ്റേഷന്‍ പരിധിയിലുള്ളവരായതിനാല്‍ സഹായത്തിന്‌ ഇതേ സ്‌റ്റേഷനില്‍നിന്ന്‌ രണ്ട്‌ ഉദ്യോഗസ്‌ഥര്‍ ഗുജറാത്ത്‌ പോലീസിനൊപ്പം പോയി. പ്രതികളെ കണ്ടെത്തിയതോടെ ഇവര്‍ ഇടനിലക്കാരായി.
പണം നല്‍കിയില്ലെങ്കില്‍ ഗുജറാത്ത്‌ പോലീസ്‌ അറസ്‌റ്റ് ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തി രണ്ടു പ്രതികളില്‍ നിന്ന്‌ 3.30 ലക്ഷം രൂപ വീതം വാങ്ങി.
ഇതില്‍ 60,000 രൂപ ഗുജറാത്തില്‍നിന്നെത്തിയ പോലീസുകാര്‍ക്ക്‌ നല്‍കി. ബാക്കി ആറു ലക്ഷം രൂപ കുറുപ്പംപടിയിലെ പോലീസുകാര്‍ വീതംവച്ചു. രഹസ്യമായി നടന്ന പണമിടപാട്‌ രഹസ്യാന്വേഷണ വിഭാഗമാണ്‌ കണ്ടെത്തിയത്‌. ഇവരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്‌ എസ്‌.പി. നടപടിയെടുത്തത്‌.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW