-->
ചാരുംമൂട്: ഓപ്പറേഷന്‍ ഡി ഹണ്ടിനിടെ നൈജീരിയക്കാരനായ മുഹമ്മദ് ജാമിയു അബ്‌ദുല്‍ റഹീം (24)നെ നൂറനാട് പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ മാസം 12ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും വയനാട് എകൈ്‌സസ് അസി. കമ്മിഷണര്‍ അറസ്‌റ്റ് ചെയ്‌ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിസുരക്ഷാ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഇയാളെ നൂറനാട് എസ്.എച്ച്.ഒ: എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് അറസ്‌റ്റ് ചെയ്‌തത്.
2022 ല്‍ ഡല്‍ഹി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിങ് പഠത്തിനായി വന്ന മുഹമ്മദ് ജാമിയു ഇപ്പോള്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. രാസലഹരിക്ക് അടിമയായ ഇയാള്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. കഴിഞ്ഞ ഒക്‌ടോബറില്‍ നൂറനാട് പടനിലത്ത് ജിംനേഷ്യം നടത്തി വന്ന അഖില്‍ രാജ് എന്ന യുവാവിന്റെ വീട്ടില്‍നിന്നും 50 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു. അഖില്‍രാജും കൂട്ടാളിയും ജിം ട്രെയിനര്‍ വിന്‍രാജും ചേര്‍ന്ന് ബംഗളുരു മത്തിക്കരൈയില്‍ നിന്നാണ് എം.ഡി.എം.എ ശേഖരിച്ചതെന്നും 60000 രൂപ കൈപ്പറ്റി നഗരത്തിലെ പ്രധാന രാസലഹരി വില്‍പ്പനക്കാരനായ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ജാബിദിന് കൈമാറിയതെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മോധാവി എന്‍.മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി: എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
മുഹമ്മദ് ജാബിദിന്റെ അറസ്‌റ്റിനു ശേഷം നടത്തിയ അന്വേഷണത്തില്‍ ലൈബീരിയന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് ചാറ്റില്‍ മാത്രം ബന്ധപ്പെടുന്ന ഒരു ആഫ്രിക്കന്‍ സ്വദേശിയാണ് ഇയാള്‍ക്ക് വന്‍തോതില്‍ എം.ഡി.എം.എ കൈമാറുന്നതെന്നും ഡ്രോപ് ആന്‍ഡ് പിക് എന്ന രീതിയിലാണ് ഇടപാട് എന്നും ഇടപാടുകാര്‍ പോലും ഇയാളെ നേരില്‍ കണ്ടിട്ടില്ലെന്നും വ്യക്‌തമായിരുന്നു. ഡല്‍ഹി, ബംഗളുരു എന്നീ സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കവേ ഇതിനിടയില്‍ രാജ്യം വിട്ടു പോയ ഇയാളെ നൈജീരിയയില്‍നിന്നും എത്യോപ്യയിലെ ആഡിസ് അബാബ വഴി ഇന്ത്യയിലേക്ക് തിരിച്ചുവരും വഴി കഴിഞ്ഞ ഡിസംബര്‍ 12 ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്‌റ്റ് ചെയ്‌തു.
പോലീസ് കസ്‌റ്റഡിയില്‍ വിട്ടുകിട്ടിയ മുഹമ്മദ് ജാമിയു അബ്‌ദുള്‍ റഹീമിനെ കൂടുതല്‍ ചോദ്യംചെയ്‌ത് ലഹരിയുടെ ഉത്‌പാദന കേന്ദ്രവും ഇയാളുടെ നെറ്റ് വര്‍ക്കിലെ മറ്റു കൂട്ടാളികളേയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
അസി. സബ് ഇന്‍സ്‌പെക്‌ടര്‍ സിനു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്. എ, കലേഷ്. കെ, ഗിരീഷ് ലാല്‍.വി.വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് ഉദ്യോഗസ്‌ഥര്‍.