-->
തലശേരി: മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതാവും തിരുവങ്ങാട് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ തലശേരി തലായിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവും 1.40 000 രൂപവീതം പിഴയും. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രതികളായ സുമിത്ത് (കുട്ടന്‍), എ.കെ പ്രജീഷ് ബാബു എന്ന പ്രജി, നിതിന്‍ (നിത്തു), കെ. സനല്‍, സ്‌മിജേഷ് (കുട്ടന്‍), സജീഷ് (ജീഷു), ജയേഷ് എന്നിവരെയാണ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (4) ജഡ്‌ജി ജെ. വിമല ശിക്ഷിച്ചത്. 2008 ഡിസംബര്‍ 31 ന് വൈകിട്ട് 5.30ന് തലായി ചക്യത്ത്‌മുക്ക് കടപ്പുറത്താണ് അരുംകൊല നടന്നത്. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ 12 പേരാണ് പ്രതികള്‍. എട്ടാം പ്രതി തലായിലെ കെ. അജിത്ത് സംഭവശേഷം മരിച്ചു. തലശേരി നഗരസഭാ മുന്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ കെ.അജേഷ് ഉള്‍പ്പെടെ നാലുപേരെയാണ് വെറുതെവിട്ടത്. 2020 ജനുവരി എട്ടിനു വിചാരണ ആരംഭിച്ചു. ലതേഷിന്റെ സഹോദരന്‍ മയ്ഴയിക്കാരന്റെവിട കുഞ്ഞാന്‍ ഹൗസില്‍ കെ. സന്തോഷിന്റെ പരാതിയിലാണ് കേസടുത്തത്.
ചക്യത്ത്‌മുക്ക് ക്ലാസിക്ക് മാര്‍ബിള്‍ കടക്ക് പിന്‍വശം കടപ്പുറത്തുവച്ച് പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ലതേഷിനെ വെട്ടിക്കൊന്നശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ആക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലുവിനും പരുക്കേറ്റിരുന്നു. 64 സാക്ഷികളില്‍ 30 പേരെ വിസ്‌തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.കെ. വര്‍ഗീസ്, അഡ്വ കെ. സത്യന്‍ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി പി.എസ് ഈശ്വര്‍, ടി. സുനില്‍കുമാര്‍, പി. പ്രേമരാജന്‍ എന്നിവരുമാണ് ഹാജരായത്. രാഷ്‌ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് നടന്ന കൊലപാതകത്തില്‍ വര്‍ഷങ്ങള്‍നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വരുന്നത്.