Saturday, March 14, 2026 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

വടക്കാഞ്ചേരി കോഴ ആരോപണക്കേസ്‌: തുടരന്വേഷണത്തിന്‌ അനുമതിതേടി വിജിലന്‍സ്‌

തൃശൂര്‍: വടക്കാഞ്ചേരി കോഴ ആരോപണക്കേസില്‍ തുടരന്വേഷണത്തിന്‌ അനുമതിതേടി വിജിലന്‍സ്‌. തൃശൂര്‍ വിജിലന്‍സ്‌ യൂണിറ്റാണ്‌ കേസെടുത്ത്‌ തുടരന്വേഷണത്തിന്‌ അനുമതി തേടിയത്‌. പ്രാഥമിക പരിശോധനയില്‍ തുടരന്വേഷണം വേണമെന്നാണ്‌ ആവശ്യം. വിജിലന്‍സ്‌ ഡയറക്‌ടറാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്‌.
വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ്‌ സ്വതന്ത്രന്‌ 50 ലക്ഷം രൂപ സി.പി.എം. വാഗ്‌ദാനം ചെയ്‌തെന്ന ഓഡിയോ സന്ദേശം പുറത്തുവന്നതിനു പിന്നാലെ മുന്‍ എം.എല്‍.എ: അനില്‍ അക്കരയാണ്‌ വിജിലന്‍സിനെ സമീപിച്ചത്‌.
തളി ഡിവിഷനില്‍നിന്നു വിജയിച്ച ഇ.യു. ജാഫറുംകോണ്‍ഗ്രസ്‌ വരവൂര്‍ മണ്ഡലം പ്രസിഡന്റ്‌ എ.എ. മുസ്‌തഫയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്‌ദരേഖയാണ്‌ പുറത്തുവന്നത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിന്റെ തലേദിവസമായിരുന്നു സംഭാഷണം. ഒന്നുകില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച്‌ സി.പി.എമ്മിന്റെ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിക്ക്‌ വോട്ട്‌ നല്‍കാം എന്നിങ്ങനെയായിരുന്നു സി.പി.എമ്മിന്റെ ഓഫര്‍. 50 ലക്ഷം രൂപ വാങ്ങാനാണ്‌ തീരുമാനമെന്ന്‌ ലീഗ്‌ പ്രവര്‍ത്തകന്‍ പാര്‍ട്ടിയെ അറിയിച്ചു. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ്‌ അംഗങ്ങള്‍ വീതമുണ്ടായിരുന്ന വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്തില്‍ ലീഗ്‌ സ്‌ഥാനാര്‍ഥി കൂറുമാറി വോട്ട്‌ ചെയ്‌തതിന്‌ പിന്നാലെ പഞ്ചായത്ത്‌ ഭരണം എല്‍.ഡി.എഫ്‌. സ്വന്തമാക്കിയിരുന്നു.
അതേസമയം, സംഭവത്തില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ബസന്ത്‌ലാല്‍ എന്നിവരെ പ്രതിചേര്‍ത്ത്‌ എഫ്‌.ഐ. ആര്‍. രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ കേസിലെ പരാതിക്കാരനും അടാട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ അനില്‍ അക്കര ആവശ്യപ്പെട്ടു. കോഴ വാങ്ങിയതും കൊടുത്തതും കൂടുതല്‍ അന്വേഷണത്തിന്‌ വിധേയമാക്കണമെന്നു വിജിലന്‍സ്‌ പറയുമ്പോള്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യാതെ ഇനി കേസ്‌ മുന്നോട്ടുപോകാന്‍ കഴിയില്ല. കോഴ വാങ്ങിയ ഇ.യു. ജാഫറിനെ ആദ്യ പ്രതിയാക്കി അറസ്‌റ്റ് ചെയ്യണം. ഇതുമായി ബന്ധപ്പെട്ട്‌ തന്റെ പക്കലുള്ള തെളിവുകള്‍ വിജിലന്‍സ്‌ കോടതിക്ക്‌ കൈമാറുമെന്നും അനില്‍ അക്കര പറഞ്ഞു.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW