-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. പത്മകുമാര്‍ ജയിലില്‍ തുടരും. ദ്വാരപാലക ശില്‍പങ്ങളുടെ കേസിലാണ് വിധി.
അതേസമയം, സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെയും മറ്റൊരു പ്രതിയായ മുരാരി ബാബുവിനെയും വീണ്ടും വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണു കോടതിയില്‍ ഹാജരാക്കിയത്. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി വീണ്ടും ജാമ്യാപേക്ഷ നല്‍കി. രണ്ടു കേസിലും നല്‍കിയ ജാമ്യാപേക്ഷ 14നു വിജിലന്‍സ് കോടതി പരിഗണിക്കും. കട്ടിളപ്പാളിക്കേസില്‍ പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പിച്ചിരുന്നു. ആ കേസിലെ ജാമ്യാപേക്ഷയും കൊല്ലം വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അതിനു പിന്നാലെയാണു രണ്ടാമത് അറസ്‌റ്റിലായ ദ്വാരപാലക ശില്‍പക്കേസില്‍ പത്മകുമാര്‍ ജാമ്യാപേക്ഷ നല്‍കിയത്.