Saturday, March 14, 2026 Last Updated 13 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

തീരദേശ പോലീസ്‌ സ്‌റ്റേഷനുകളിലെ ജീവനക്കാര്‍ക്ക്‌ വേതനം വര്‍ധിപ്പിക്കും

തിരുവനന്തപുരം: തീരദേശ പോലീസ്‌ സ്‌റ്റേഷനുകളിലെ വിവിധ തസ്‌തികകളിലുള്ള ജീവനക്കാര്‍ക്ക്‌ വേതനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. സ്രാങ്ക്‌, ബോട്ട്‌് ൈഡ്രവര്‍, ലാസ്‌കര്‍, ബോട്ട്‌ കമാന്‍ഡര്‍, അസി. ബോട്ട്‌ കമാന്‍ഡര്‍, സ്‌പെഷല്‍ മറൈന്‍ ഹോംഗാര്‍ഡ്‌ എന്നീ തസ്‌തികകളിലാണ്‌ വേതനം കൂട്ടുന്നത്‌.
ഭൂപതിവ്‌ ചട്ടത്തില്‍ ഭേദഗതി

1964-ലെ ഭൂപതിവ്‌ ചട്ടപ്രകാരം ഭൂമി പതിച്ചു നല്‍കുമ്പോള്‍ ഭൂമിയില്‍ നില്‍ക്കുന്ന തേക്ക്‌, വീട്ടി, ചന്ദനം, എബണി എന്നീ രാജകീയ വൃക്ഷങ്ങളുടെ അവകാശം സര്‍ക്കാരിനായിരിക്കുമെന്ന്‌ വ്യക്‌തമാക്കുന്ന ചട്ടഭേദഗതിക്ക്‌ മന്ത്രിസഭ അംഗീകാരം നല്‍കി.
ദുരിതാശ്വാസ
നിധിയില്‍നിന്ന്‌
ധനസഹായം

പാലക്കാട്‌ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ ഇളയമകള്‍ അഖിലയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന്‌ മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പത്തനംതിട്ട ജില്ലയില്‍ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തില്‍
പൂര്‍ണമായോ/ഭാഗികമായോ വീടുകള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ച 143 ദുരന്തബാധിതര്‍ക്ക്‌ വിതരണം ചെയ്യാന്‍ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന്‌ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ക്ക്‌ അനുവദിക്കും.
മത്സ്യബന്ധനം നിരോധിച്ചതിനെത്തുടര്‍ന്ന്‌ 2025 മേയ്‌ 18 നും 31 നും ഇടയില്‍ നഷ്‌ടപ്പെട്ട 14 തൊഴില്‍ ദിവസങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കും. 1,72,160 മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാനായി 48,20,48,000 രൂപ അനുവദിക്കും.
കട്ടപ്പന വില്ലേജില്‍ മാലിന്യ ടാങ്ക്‌ വൃത്തിയാക്കുന്നതിനിടെ മരിച്ച തമിഴ്‌നാട്‌ സ്വദേശികളായ ജയറാം, മൈക്കിള്‍, സുന്ദരപാണ്‌ഡ്യന്‍ എന്നിവരുടെ ആശ്രിതര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും.
ഉജ്‌ജീവന വായ്‌പാ പദ്ധതി പ്രകാരം സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ തൃശൂര്‍ ശാഖയില്‍ നിന്ന്‌ വായ്‌പ എടുത്ത 20 കര്‍ഷകര്‍ക്ക്‌ / സംരംഭകര്‍ക്ക്‌ മാര്‍ജിന്‍ മണി വിതരണം ചെയ്യാന്‍ ജില്ലാ കളക്‌ടര്‍മാര്‍ക്ക്‌ 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന്‌ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

റിസര്‍വ്‌ ഇന്‍സ്‌പെക്‌ടര്‍ തസ്‌തിക

പോലീസ്‌ വകുപ്പിലെ 20 റിസര്‍വ്‌ സബ്‌ഇന്‍സ്‌പെക്‌ടര്‍ തസ്‌തികകള്‍ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ 20 റിസര്‍വ്‌ ഇന്‍സ്‌പെക്‌ടര്‍ തസ്‌തിക സൃഷ്‌ടിക്കും. ആംഡ്‌ റിസര്‍വ്‌ ക്യാമ്പിന്റെ പ്രവര്‍ത്തന മേല്‍നോട്ടത്തിന്‌ ഉയര്‍ന്ന തസ്‌തിക അനിവാര്യമായതിനാലാണ്‌ നടപടി.
ഭരണാനുമതി

കണ്ണൂര്‍ പെരളശേരി ഗ്രാമപഞ്ചായത്തിലെ മാവിലായില്‍ ഹെറിറ്റേജ്‌ വില്ലേജ്‌ പദ്ധതി, എ.കെ.ജി. സ്‌മൃതിമണ്‌ഡപം സൗന്ദര്യവല്‍ക്കരണം എന്നിവ തദ്ദേശവകുപ്പിനു കീഴില്‍ കിഫ്‌ബി ധനസഹായത്തോടെ നിര്‍വഹിക്കാന്‍ മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കി. പദ്ധതി നടപ്പാക്കുമ്പോള്‍ പെരളശേരി ഗ്രാമപഞ്ചായത്തിന്‌ അധിക ബാധ്യത ഉണ്ടാകാത്ത വിധം തദ്ദേശഭരണ വകുപ്പും ഗ്രാമ പഞ്ചായത്തും സാംസ്‌കാരിക വകുപ്പും കൂടിയാലോചിച്ച്‌ റവന്യു മോഡലിന്‌ രൂപം നല്‍കും.
നിഷില്‍ ശമ്പള
പരിഷ്‌കരണം

നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിങ്‌ (നിഷ്‌) ജീവനക്കാര്‍ക്ക്‌ 2019 ജൂലൈ ഒന്ന്‌ പ്രാബല്യത്തില്‍ പത്താം ശമ്പളപരിഷ്‌കരണം അനുവദിക്കും.
സര്‍ക്കാര്‍ ഗ്യാരന്റി

ദേശീയ സഫായി കര്‍മചാരി ധനകാര്യ വികസന കോര്‍പ്പറേഷനില്‍നിന്നു വായ്‌പ ലഭ്യമാക്കാന്‍ കേരള സംസ്‌ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‌ അഞ്ചു വര്‍ഷത്തേക്ക്‌ 400 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കും. മുഴുവന്‍ സിനിമാ തിയറ്ററുകളിലും ഇ-ടിക്കറ്റിങ്‌ പദ്ധതി നടപ്പാക്കാന്‍ കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‌ എട്ടു വര്‍ഷത്തേക്ക്‌ എട്ടു കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും.
ഉത്തരവില്‍ ഭേദഗതി

സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്റെ സംഭരണ വില കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ കിലോഗ്രാമിന്‌ 30 രൂപയായി ഉയര്‍ത്തിയ ഉത്തരവില്‍ ഭേദഗതി വരുത്തി. 2025-26 ഒന്നാം സീസണ്‍ ആരംഭിച്ച കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20നു മുന്‍കാല പ്രാബല്യം നല്‍കിയാണ്‌ ഭേദഗതി. സ്‌ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി, വ്യവസ്‌ഥകള്‍ക്ക്‌ വിധേയമായി പതിച്ചു നല്‍കുന്നതിന്‌ മാനദണ്‌ഡങ്ങള്‍ നിശ്‌ചയിച്ച ഉത്തരവിലും ഭേദഗതി വരുത്തി. സ്വാതന്ത്ര്യാനന്തരവും 1971 ഓഗസ്‌റ്റ്‌ ഒന്നിന്‌ മുമ്പും കൈവശംവച്ചിരിക്കുന്ന ഭൂമിക്ക്‌ ന്യായവിലയുടെ 15 ശതമാനം നല്‍കണം. സ്വാതന്ത്ര്യത്തിന്‌ ശേഷവും കേരളപ്പിറവിക്ക്‌ മുമ്പും കൈവശംവച്ചിരുന്ന ഭൂമിക്ക്‌ ന്യായവിലയുടെ 25 ശതമാനം എന്നായിരുന്നു നിലവിലെ വ്യവസ്‌ഥ.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW