Saturday, March 14, 2026 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

അയ്യപ്പഭക്‌തര്‍ സഞ്ചരിച്ച കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

മൂവാറ്റുപുഴ: തെലുങ്കാന സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക്‌ ഗുരുതര പരുക്ക്‌. എം.സി. റോഡില്‍ തൃക്കളത്തൂര്‍ കാവുംപടിയില്‍ ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം.
തെലുങ്കാന രംഗറെഡ്‌ഢി ജില്ലയിലെ വനസ്‌താലിപുരം ഹസ്‌തിനപുരം ഈസ്‌റ്റ്‌ കോളനിയിലെ ചീര്‍ല അശോക്‌ കുമാര്‍ (51) ആണു മരിച്ചത്‌. അശോക്‌ കുമാറിന്റെ മകന്‍ ചീര്‍ല ധീരജ്‌ (18), മഹാനഗര്‍ സ്വദേശികളായ പ്രദീപ്‌ കുമാര്‍ (31), മൊകേദു രാജശേഖര്‍ (41), കാര്‍ ൈഡ്രവര്‍ ചൊവ്വര തെക്കിനേടത്ത്‌ വീട്ടില്‍ അമല്‍ (24) എന്നിവരെ പരുക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോകേദുവിന്റെ മുഖത്തും വാരിയെല്ലിനും ഗുരുതരമായ പരുക്കുണ്ട്‌. തലച്ചോറിനും സാരമായ ക്ഷതം സംഭവിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌.
ധീരജിന്റെ ഇടതു തുടയെല്ലിലും പ്രദീപിന്റെ വയറിലും അമലിന്റെ വാരിയെല്ലിനും മുഖത്തിനുമാണു പരുക്ക്‌. വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തിയ തീര്‍ഥാടകസംഘം അവിടെനിന്നു ടാക്‌സി വിളിച്ച്‌ ശബരിമലയിലെത്തി ദര്‍ശനം നടത്തിയശേഷം നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കു മടങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ലോറി 25 മീറ്ററോളം നീങ്ങി റോഡില്‍ മറിഞ്ഞു. പരുക്കേറ്റവരെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചു. ആദ്യം സബൈന്‍ ആശുപത്രിയില്‍ കൊണ്ടുവന്ന ഇവരെ പിന്നീട്‌ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും തുടര്‍ന്ന്‌ രാജഗിരിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന്‌ പ്രദേശത്ത്‌ ഗതാഗത തടസമുണ്ടായി. കണ്ടെയ്‌നര്‍ ലോറി റോഡില്‍നിന്ന്‌ ക്രെയ്‌ന്‍ ഉപയോഗിച്ചാണു നീക്കിയത്‌.
ഒരു മാസം മുമ്പ്‌ അയ്യപ്പഭക്‌തര്‍ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച്‌ ഇതേ സ്‌ഥലത്ത്‌ അപകടമുണ്ടായിരുന്നു.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW