-->
പാതാമ്പുഴ: മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി. സ്‌കൂളിലെ 33 വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധ. ഇന്നലെ ഉച്ചയ്‌ക്കുശേഷം ഛര്‍ദ്ദിലിനെത്തുടര്‍ന്നു കുട്ടികളെ പൂഞ്ഞാര്‍ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചു.
പിന്നീടു കുട്ടികളെ പാലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഛര്‍ദ്ദിയും തളര്‍ച്ചയുമാണ് കട്ടികള്‍ക്കുണ്ടായത്. സ്‌കൂള്‍ വിട്ട സമയത്താണ് പലരും ഛര്‍ദ്ദിച്ചത്. ഇവരെ സ്‌കൂള്‍ അധികൃതര്‍ പൂഞ്ഞാര്‍ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
വീട്ടിലെത്തിയശേഷം ഛര്‍ദ്ദിച്ച കുട്ടികളെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. സ്‌കൂളില്‍ ഉച്ചയ്‌ക്കു ചോറിനൊപ്പം ഗ്രീസ്‌പീസ്, അച്ചാര്‍, മോര് എന്നിവയായിരുന്നു കുട്ടികള്‍ക്കു നല്‍കിയത്. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല. കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റത് എങ്ങനെയെന്ന് ആരോഗ്യ വിഭാഗവുമായി സഹകരിച്ച് കണ്ടെത്തുമെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.പാലാ ജനറല്‍ ആശുപത്രിയില്‍ നഗരസഭാ ചെയര്‍പഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം,കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം, ടോണി തൈപ്പറമ്പില്‍, ആശുപത്രി വികസനസമിതിയംഗം പീറ്റര്‍ പന്തലാനി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കു മതിയായ ചികിത്സ ഉറപ്പവരുത്താന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കുട്ടികളെല്ലാം സുഖംപ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി ചെയര്‍പഴ്‌സണ്‍ അറിയിച്ചു.