-->
ആലപ്പുഴ: ശബരിമലയിലെ സ്വര്‍ണക്കൊള്ള സംഭവത്തില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ സി.പി.എം നേതാക്കള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്‌ഥയുണ്ടാകുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഓരോദിവസം കഴിയുന്തോറും അഴിമതിയുടെ വ്യാപ്‌തി വര്‍ധിച്ചു വരികയാണ്.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ പങ്ക് വ്യക്‌തമാക്കുന്നതാണ് എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട്. എന്നിട്ടും അദ്ദേഹത്തിനെതിരേ സി.പി.എം. നടപടിയെടുക്കുന്നില്ല. ഇനിയും പല ഉന്നതരും പുറത്തുവരാനുള്ളതിനാല്‍ സി.പി.എം. പത്മകുമാറിനെ ന്യായീകരിക്കുകയാണ്. ഇത് അങ്ങേയറ്റം അപഹാസ്യമാണ്. ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതെങ്കിലും അവര്‍ക്കുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ അറസ്‌റ്റിലേക്കു പോകാതിരുന്നത് അതിനു തെളിവാണ്. അതുകൊണ്ട് കോടതിനിരീക്ഷണത്തില്‍ മറ്റൊരു ഏജന്‍സി ഈ കേസ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ഥിനിര്‍ണയം പാര്‍ട്ടി സംവിധാനം അനുസരിച്ച് നടത്തും. മുന്നണി ചര്‍ച്ചകളും ആരംഭിക്കും. പൊതുസമൂഹത്തില്‍ അത്തരം ചര്‍ച്ചകള്‍ നടത്തുന്നതു ഗുണകരമല്ല. യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വ്യവസ്‌ഥാപിത നടപടികളുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.