-->
ശബരിമല: കൊട്ടിഘോഷിച്ച് നടത്തിയ ആഗോള അയ്യപ്പസംഗമത്തിന്റെ കണക്ക് കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്‌ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. സെപ്‌റ്റംബര്‍ 20ന് പമ്പയില്‍ നടന്ന അയ്യപ്പസംഗമത്തിന്റെ നടത്തിപ്പുമായി
ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ 45 ദിവസത്തിനകം കണക്ക് ഹാജരാക്കാനായിരുന്നു കോടതി നിര്‍ദേശം. കണക്കുകള്‍ സ്‌പെഷല്‍ കമ്മിഷണര്‍ക്ക് നല്‍കണമെന്നും കോടതിയില്‍ ഹാജരാക്കണമെന്നുമായിരുന്നു ഉത്തരവ്. കഴിഞ്ഞ നവംബര്‍ ഏഴിനാണ് 45 ദിവസം പൂര്‍ത്തിയായത്. എന്നാല്‍, കണക്കുകള്‍ കോടതിക്ക് നല്‍കിയില്ല. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സമയം നീട്ടിച്ചോദിച്ചു. ഇതോടെ 45 ദിവസത്തെ സാവകാശം കൂടി അനുവദിച്ചു. ഇനി കൂടുതല്‍ സമയം ചോദിക്കരുതെന്നും കോടതി സൂചിപ്പിച്ചു.
ആ സമയപരിധി കഴിഞ്ഞതോടെയാണ് കണക്ക് ലഭിച്ചിട്ടില്ലെന്നു കാട്ടി കോടതിക്ക് സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു മറുപടി ഫയല്‍ ചെയ്യാന്‍ കോടതിയില്‍ ബോര്‍ഡ് സാവകാശം തേടി.
മകരവിളക്കിനോടനുബന്ധിച്ചുള്ള തിരക്കുനിയന്ത്രണം സംബന്ധിച്ചും ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. വെര്‍ച്വല്‍ ക്യൂവോ സ്‌പോട്ട് ബുക്കിങ്ങോ ഇല്ലാതെ തീര്‍ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണം വേണമെന്ന് കാട്ടിയാണ് റിപ്പോര്‍ട്ട്.