-->
ആലപ്പുഴ: എ.കെ. ബാലന്റെ പ്രസ്‌താവന പച്ച വര്‍ഗീയതയാണെന്നും അത് സി.പി.എമ്മിന്റെ നിരാശയില്‍ നിന്നുണ്ടായതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ആലപ്പുഴ നഗരസഭയിലെ സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സഹായത്തോടെയാണ് എല്‍.ഡി.എഫ്. വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.
തോല്‍വിക്കു കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നതിനു പകരം സമൂഹത്തില്‍ വര്‍ഗീയവിഷം കലര്‍ത്താനാണു സി.പി.എം. ശ്രമിക്കുന്നത്. ഇത് ബോധപൂര്‍വം എ.കെ. ബാലനെക്കൊണ്ടു പറയിപ്പിച്ചതാണ്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐയുടെ സഹായത്തോടെ മുനിസിപ്പല്‍ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനം നേടാന്‍ സി.പി.എം. പരസ്യമായ നടപടിയെടുത്തു. എന്നിട്ടാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തര മന്ത്രിയെന്ന് അവര്‍ തിരിച്ചുപറയുന്നത്. കോണ്‍ഗ്രസ് ഒരു വര്‍ഗീയശക്‌തിയുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ഇനിയൊരിക്കലും അത്തരമൊരു നീക്കം ഉണ്ടാകില്ല. വര്‍ഗീയ ശക്‌തികളുമായി യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും കോണ്‍ഗ്രസ് തയാറല്ല. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ മറച്ചുവയ്‌ക്കാനാണ് ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ നടത്തുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.കേരളീയ സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷം വിളമ്പാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനാണു മറുപടി പറയേണ്ടത്. ഇത്തരം നിലപാടുകള്‍ പിന്‍വലിക്കാന്‍ സി.പി.എം തയാറാകണം. ആലപ്പുഴ നഗരസഭയില്‍ എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കിയ വിഷയത്തില്‍ അവര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കോണ്‍ഗ്രസ് സജ്‌ജമാണ്. കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ എല്ലാ തലങ്ങളിലും പാര്‍ട്ടി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വേണുഗോപാല്‍ വ്യക്‌തമാക്കി.