-->
തൊടുപുഴ: സ്‌ഥിര ജീവനക്കാര്‍ ചെയ്യേണ്ട ജോലി ഏല്‍പ്പിച്ച് ഉത്തരവിട്ടതിനെത്തുടര്‍ന്ന് മാനസിക സമ്മര്‍ദം താങ്ങാനാകാതെ തൊടുപുഴയിലെ ജില്ലാ ആശുപത്രി ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു.
ജോലിഭാരം കൂട്ടിക്കൊണ്ട് ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ അളവില്‍ കൂടുതല്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ജില്ലാ ആശുപത്രിയിലെ എച്ച്.എം.സി(ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി) ജീവനക്കാരിയായ തൊടുപുഴ സ്വദേശിയാണ് അമിതമായി ഉറക്ക ഗുളിക കഴിച്ചത്. ഇന്നലെ ഉച്ചയ്‌ക്കു ശേഷമാണ് സംഭവം.
ഇന്നലെ ഉച്ചയ്‌ക്ക് ഇവര്‍ക്ക് ഓഫീസില്‍ നിന്ന് ഉത്തരവ് കൈമാറിയിരുന്നു. സ്‌ഥിര ജീവനക്കാര്‍ ചെയ്യുന്ന ജോലികള്‍ കൂടി ഇവര്‍ ചെയ്യണമെന്നു നിര്‍ദേശിച്ചായിരുന്നു ഉത്തരവ്. ഇ-ഫയലിങ് അടക്കമുള്ള ജോലികള്‍ ചെയ്യണമെന്നും രേഖപ്പെടുത്തിയിരുന്നു. സ്‌ഥിര ജീവനക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്വമുള്ള ജോലി ഇവരുടെ തലയില്‍ കെട്ടിവയ്‌ക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഉത്തരവ് വാങ്ങിയശേഷം ആശുപത്രി അധികൃതര്‍ക്ക് കത്തെഴുതിവച്ചാണ് ഇവര്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
ഓഫീസിലെ മറ്റു ചില ജീവനക്കാരുമായി ഇവര്‍ക്ക് ഭിന്നത ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു ഉത്തരവ് നല്‍കിയതെന്നുമാണ് ആരോപണം. സംഭവം സ്‌ഥിരീകരിച്ചെങ്കിലും കൂടുതല്‍ പ്രതികരണത്തിന് ആശുപത്രി അധികൃതര്‍ തയാറായില്ല.
ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിലായതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ കേസെടുക്കാനാകു എന്ന് പോലീസ് അറിയിച്ചു.