Saturday, March 14, 2026 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Wednesday 07 Jan 2026 11.57 PM

ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി; ആരാധനാലയങ്ങള്‍ക്ക്‌ കൈവശംവയ്‌ക്കാവുന്ന ഭൂമിയുടെ പരിധിനിയന്ത്രണം എടുത്തുകളയാന്‍ സര്‍ക്കാര്‍ നീക്കം

തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിലാണ്‌ നിലവിലുള്ള ഇളവുകളില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കാന്‍ ധൃതിപിടിച്ച നീക്കം നടക്കുന്നത്‌. ഉത്തരവിറങ്ങിയാല്‍, എല്ലാ മതവിഭാഗങ്ങളില്‍പെട്ട ആരാധാനാ കേന്ദ്രങ്ങള്‍ക്കും ഇതു ബാധകമാകും.
uploads/news/2026/01/819594/Kerala-gov-file.jpg

കൊച്ചി: ആരാധനാലയങ്ങള്‍ക്ക്‌ കൈവശംവയ്‌ക്കാവുന്ന ഭൂമിയുടെ പരിധിനിയന്ത്രണം എടുത്തുകളയാന്‍ സര്‍ക്കാര്‍. നിലവില്‍ വ്യക്‌തികള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും നിയമപ്രകാരം കൈവശം വയ്‌ക്കാവുന്നത്‌ 15 എക്കറാണ്‌. എന്നാല്‍ ആരാധാനാലയങ്ങളും ചാരറ്റിബിള്‍ സ്‌ഥാപനങ്ങളും ഇതിലധികം ഭൂമി കൈവശം വച്ചുവരികയാണ്‌. ഇതാണു നിയമപരിധിയിലാക്കുന്നത്‌.

നിലവില്‍, ഭൂപരിഷ്‌കരണ നിയമം വകുപ്പ്‌ 81 (3) ല്‍ പറയുന്ന ഇളവുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണു മിച്ചഭൂമി കൈവശം വച്ചിരുന്നത്‌. ഇത്‌ നിയമപ്രകാരമല്ലെന്ന്‌ കോടതി വിധികള്‍ വന്നതോടെ മതസ്‌ഥാപനങ്ങള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു.
തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിലാണ്‌ നിലവിലുള്ള ഇളവുകളില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കാന്‍ ധൃതിപിടിച്ച നീക്കം നടക്കുന്നത്‌. പ്രമുഖ പ്രാര്‍ഥനാ കേന്ദ്രത്തിന്റെ ആവശ്യത്തെതുടര്‍ന്ന്‌ റവന്യൂമന്ത്രി കെ. രാജന്‍ തന്നെ ഇക്കാര്യത്തില്‍ രംഗത്തുണ്ട്‌. ഉത്തരവിറങ്ങിയാല്‍, എല്ലാ മതവിഭാഗങ്ങളില്‍പെട്ട ആരാധാനാ കേന്ദ്രങ്ങള്‍ക്കും ഇതു ബാധകമാകും.

സംസ്‌ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി ചെയ്‌ത്‌ കൈവശംവക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്ന്‌ വ്യവസായ വകുപ്പ്‌ നിരന്തരം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന റവന്യൂവകുപ്പാണ്‌ ആരാധനാലയങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ ഒരുങ്ങുന്നത്‌. മന്ത്രിസഭയില്‍ തീരുമാനമെടുത്ത്‌ ഗവ. ഉത്തരവ്‌ പുറത്തിറക്കാനാണു നീക്കം. 1963 ലെ ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയാണിതെന്ന്‌ ആക്ഷേപമുയരാമെങ്കിലും സി.പി.ഐയും മൗനത്തിലാണ്‌. നിരവധി ചാരിറ്റബിള്‍ സ്‌ഥാനപനങ്ങള്‍ക്ക്‌ 15 എക്കറിലധികം ഭൂമിയുണ്ട്‌.
സംസ്‌ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്നത്‌ അടക്കമുള്ള നിര്‍ദേശങ്ങളാണു കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ്‌ മുന്നോട്ടുവച്ചത്‌. 81 (3) പ്രകാരം ഭൂപരിധി ഇളവിനു വ്യവസ്‌ഥയുണ്ട്‌. അധികമുള്ള ഓരോ എക്കറിനും പത്തുകോടി മുതല്‍മുടക്കുള്ള വ്യവസായവും 20 പേര്‍ക്കു ജോലിയുമാണു ഒരു വ്യവസ്‌ഥ. ഇതു നടപ്പാക്കല്‍ എളുപ്പമല്ലാത്തതിനാല്‍, പ്രയോജപ്പെടുത്തുന്നവര്‍ കുറവാണ്‌.
സംസ്‌ഥാന താല്‍പര്യത്തിന്‌ ഉതകുന്നതെങ്കില്‍ നിലവിലെ നിയമം അനുസരിച്ച്‌ തന്നെ ഇളവ്‌ അനുവദിക്കാമെന്നും നടപടിക്രമം വേഗത്തിലാക്കാമെന്നുമായിരുന്നു റവന്യു മന്ത്രിയുടെ ഉറപ്പ്‌. കൈവശം വയ്‌ക്കാവുന്ന ഭൂമിയുടെ അളവ്‌ 15 ഏക്കറെന്നത്‌ 100 ഏക്കറെങ്കിലും ആക്കണമെന്നത്‌ അടക്കം വലിയ മാറ്റങ്ങളാണ്‌ വ്യവസായ വകുപ്പ്‌ മുന്നോട്ടുവച്ചത്‌. അന്ന്‌, ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി ആവശ്യം പൂര്‍ണമായും തള്ളിയ റവന്യു മന്ത്രി പക്ഷേ വ്യവസായ സൗഹൃദമാകണമെന്ന ആശയത്തെ പിന്തുണയ്‌ക്കുകയും ചെയ്‌തു. വരുന്ന നിക്ഷേപത്തിന്റെ അളവും തൊഴിലവസരവും എല്ലാം കണക്കിലെടുത്ത്‌ ആവശ്യത്തിന്‌ ഭൂമി വിട്ടുകൊടുക്കാന്‍ നിലവിലെ നിയമത്തില്‍ തന്നെ വ്യവസ്‌ഥയുണ്ടെന്ന്‌ റവന്യുമന്ത്രി നിലപാടെടുത്തു.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW