-->
കൊച്ചി/കളമശേരി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്(73) അന്തരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ ആയിരുന്നു അന്ത്യം. രണ്ട് തവണ മന്ത്രിയും നാല് തവണ എം.എല്‍.എയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹികക്ഷേമം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്‌ഥിതി മോശമായതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി രാഷ്‌ട്രീയ പ്രസ്‌ഥാനമായ എം.എസ്.എഫിലൂടെയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍നിന്ന് മത്സരിച്ചു വിജയിച്ചു. 2011ലും 2016 ലും കളമശേരിയില്‍നിന്നു നിയമസഭയില്‍ എത്തി. മട്ടാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ അവസാന എം.എല്‍.എയും കളമശേരി മണ്ഡലത്തിന്റെ ആദ്യ എം.എല്‍.എയുമാണ്. 2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു.
നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലിഗിന്റെ ദേശീയ എക്‌സിക്യൂട്ടിവ് അംഗവുമാണ്.അന്ത്യം സംഭവിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. വൈകിട്ട് ആറു മുതല്‍ കളമശേരി നജാത്ത് പബ്ലിക്ക് സ്‌കൂള്‍ പൊതുദര്‍ശനത്തിന് വച്ചു. പിന്നീട് സ്വവസതിയിലേക്ക് കൊണ്ടുവന്നു. ഭൗതികശരീരം ഇന്നു രാവിലെ 9 ന് വീട്ടില്‍ നിന്ന് കബര്‍സ്‌ഥാനിലേക്കു കൊണ്ടുപോകും. രാവിലെ 10ന് ആലങ്ങാട് ജുമാ മസ്‌ജിദ് കബര്‍സ്‌ഥാനില്‍ കബറടക്കും.
എറണാകുളം കൊങ്ങോര്‍പിള്ളി വി.യു.ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി 1952 മേയ് 20ന് ജനനം. ഭാര്യ നദീറ. മക്കള്‍: അഡ്വ. വി.ഇ. അബ്‌ദുള്‍ ഗഫൂര്‍, വി.ഇ. അബ്ബാസ്, വി.ഇ. അനൂബ് . മരുമക്കള്‍: ദിലാറ, നദീറ, നൗഫിയ.