-->
കൊച്ചി: മന്ത്രിയാകുമെന്ന് ഒരു ഉറപ്പുമില്ലാതിരിക്കേ നിനച്ചിരിക്കാതെയാണ് വി.കെ. ഇബ്രാഹിം കുഞ്ഞ് യു.ഡി.എഫ്. മന്ത്രിസഭയില്‍ ലീഗിന്റെ മന്ത്രിയായത്. ഐസ്‌ക്രീം പാര്‍ലര്‍ വിഷയത്തില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കു രാജിവയ്‌ക്കേണ്ടിവന്നപ്പോള്‍ വകുപ്പ്, ലീഗിന്റെ മറ്റു മന്ത്രിമാര്‍ ആരെങ്കിലും ഏറ്റെടുക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
പക്ഷേ, വി.കെ. ഇബ്രാഹിം കുഞ്ഞിനു നറുക്കുവീണു. അത് അപ്രതീക്ഷിതമായിരുന്നുവെന്ന് കരുതിയവര്‍ ഏറെ. എന്നാല്‍, അങ്ങനെയല്ലായിരുന്നു. കാരണം അത്രമേല്‍ അടുപ്പമായിരുന്നു കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും തമ്മില്‍. അതിലുപരി, പാണക്കാട് കുടുംബവുമായി അദ്ദേഹത്തിന്റെ അടുപ്പവും പ്രശസ്‌തമാണ്. പാണക്കാട് കുടുംബത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനെന്ന തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞിരുന്നു ഇബ്രാഹിംകുഞ്ഞ്. മധ്യകേരളത്തില്‍ മുസ്ലിം ലീഗിന്റെ അവസാനവാക്കും വിശ്വാസവും ആയിരുന്നു ഇബ്രാഹിം കുഞ്ഞ്. മധ്യകേരളത്തില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്താനുള്ള ചുമതല വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. ഈ കഴിവുകളെല്ലാം കണക്കിലെടുത്താണ് പാര്‍ട്ടി അദ്ദേഹത്തിന് കുഞ്ഞാലിക്കുട്ടിയുടെ നഷ്‌ടമായ മന്ത്രിപദം വച്ചു നീട്ടിയത്.
പാര്‍ട്ടിയുടെ താഴേത്തട്ടില്‍ നിന്നു പ്രവര്‍ത്തിച്ചു വന്ന പരിചയ സമ്പത്താണ് ഇബ്രാഹിംകുഞ്ഞിന്റെ മുതല്‍ക്കൂട്ട്. എല്ലാവരോടും സമഭാവനയോടെ ഇടപെടാന്‍ കഴിഞ്ഞത് അദ്ദേഹത്തെ ഏറെ ജനകീയനാക്കി.
പാര്‍ട്ടി ഭേദമെന്യേ, തന്നോട് ഇടപെടുന്നവരോട് സൗമ്യമായി ഇടപഴകുന്ന വ്യക്‌തിത്വം. ആരോടും പരിഭവമോ പരാതികളോ ഇല്ലാതിരുന്ന നേതാവ്. പാലാരിവട്ടം പാലം വിഷയത്തില്‍ അഴിമതി ആരോപണങ്ങളില്‍ വീണുലഞ്ഞപ്പോഴും ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ എല്ലായ്‌പ്പോഴും അഭിമുഖീകരിച്ചിരുന്നത്. പാലത്തിന് ബലക്ഷയമില്ലെന്നും തനിക്ക് അതില്‍ പങ്കില്ലെന്നുമുള്ള നിലപാടിലായിരുന്നു ഇബ്രാഹിം കുഞ്ഞ്. മിതഭാഷിയായിരുന്നു ഇബ്രാഹിം കുഞ്ഞ്. ആരോപണങ്ങള്‍ മലവെള്ളപ്പാച്ചില്‍പോലെ വന്നപ്പോഴും അദ്ദേഹം മിതത്വവും പുഞ്ചിരിയും കൈവിട്ടില്ല.
മികച്ച ഭരണകര്‍ത്താവ് ആയിരുന്നു അദ്ദേഹം. ഏറ്റെടുക്കുന്ന ഏതു ജോലിയും, അത് പാര്‍ട്ടിയിലായാലും സര്‍ക്കാരിലായാലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ബദ്ധ ശ്രദ്ധപുലര്‍ത്തിയിരുന്നു.
നാലു പതിറ്റാണ്ട് പഴക്കമുള്ള പൊതുമരാമത്ത് മാന്വല്‍ പരിഷ്‌കരിക്കാന്‍ കഴിഞ്ഞത് നേട്ടമായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ ടെണ്ടറും ഇ പെയ്‌മെന്റും നടപ്പിലാക്കി. നാനൂറു ദിനംകൊണ്ട് നൂറു പാലങ്ങള്‍ നിര്‍മിക്കാനും അദ്ദേഹത്തിന്റെ കാലത്ത് സാധിച്ചു. ബജറ്റ് വിഹിതത്തിന്റെ 300 ഇരട്ടിയോളം ഫണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി.
തന്റെ ആദ്യ മണ്ഡലമായ മട്ടാഞ്ചേരിയുടെ അടിസ്‌ഥാന വികസനത്തിന് പ്രാധാന്യം നല്‍കി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. കുടിവെള്ളം ദൗര്‍ലഭ്യം, ദാരിദ്ര്യം, തൊഴിലില്ലായ്‌മ, കടല്‍ഭിത്തി എന്നീ വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തി. അക്കാര്യങ്ങള്‍ സംസ്‌ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ക്കു തുടക്കമിട്ടത് മട്ടാഞ്ചേരിക്ക് പുതിയ മുഖം പകര്‍ന്നു. പോവര്‍ട്ടി അലിവേഷന്‍ പ്രോഗ്രാം ഫോര്‍ മട്ടാഞ്ചേരി അതിനു ഉദാഹരണമായി.
നിയമസഭാ മണ്ഡലം പുനര്‍നിര്‍ണയിക്കപ്പെട്ടതോടെ മട്ടാഞ്ചേരി മണ്ഡലം ഇല്ലാതായി. അത് പിന്നീട് പരിഷ്‌കരിച്ച് കൊച്ചിയായി മാറി. പിന്നീട് കളമശേരി മണ്ഡലം പുതുതായി രൂപീകരിച്ചു. ഇതോടെ രണ്ടുവട്ടം ജയിച്ച മട്ടാഞ്ചേരിയില്‍ നിന്ന് അദ്ദേഹം കളമശേരിയിലേക്കു മാറി.
അവിടെയും രണ്ടുതവണ ജയിച്ചു. മത്സരിച്ചപ്പോഴെല്ലാം അദ്ദേഹം മികച്ച ഭൂരിപക്ഷത്തോടെ ലീഗിന്റെ കോട്ട കാത്തു. സംസ്‌ഥാന സര്‍ക്കാര്‍ എട്ടാം ക്ലാസുവരെ സൗജന്യ ഭക്ഷണം നല്‍കിയപ്പോള്‍ കളമശേരി മണ്ഡലത്തില്‍ അത് 12 ാം ക്‌ളാസ് വരെയാക്കാന്‍ ഇബ്രാഹിം കുഞ്ഞിനു സാധിച്ചു. നിരവധിയായി പ്രവര്‍ത്തനങ്ങള്‍ അവിശ്രമം തുടര്‍ന്നുപോരുമ്പോഴാണ് അര്‍ബുദം അദ്ദേഹത്തെ പിടികൂടുന്നത്. അഞ്ചുവര്‍ഷം രോഗത്തെ ചെറുത്തുനിന്നശേഷമാണ് ഒടുവില്‍ അദ്ദേഹം വിടപറയുന്നത്.
ബൈജു ഭാസി