Saturday, March 14, 2026 Last Updated 50 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

ആടിയ ശിഷ്‌ടം നെയ്‌ വിതരണത്തില്‍ ക്രമക്കേട്‌: അന്വേഷണം തുടങ്ങി

ശബരിമല: വിതരണ കൗണ്ടറുകളില്‍ ഏല്‍പിച്ച പതിനാറായിരത്തിലധികം പായ്‌ക്കറ്റ്‌ ആടിയ ശിഷ്‌ടം നെയ്യ്‌ വിതരണത്തില്‍ ക്രമക്കേട്‌ സംബന്ധിച്ച്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ദേവസ്വം വിജിലന്‍സ്‌ അന്വേഷണം ആരംഭിച്ചു.
വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ ജനുവരി ഒന്നിന്‌ തന്നെ ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഒ.ജി. ബിജു ദേവസ്വം കമ്മിഷണര്‍ക്കും ദേവസ്വം വിജിലന്‍സിനും റിപ്പോര്‍ട്ട്‌ നല്‍കി. മരാമത്ത്‌ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ആടിയ ശിഷ്‌ടം നെയ്‌ കൗണ്ടറില്‍ ഭക്‌തര്‍ക്ക്‌ വിതരണത്തിനായി ജീവനക്കാര്‍ രേഖാമൂലം വാങ്ങിയിട്ടുള്ള അഭിഷേകം നെയ്‌ പ്രസാദം പായ്‌ക്കറ്റില്‍ 16,628 പായ്‌ക്കറ്റുകളുടെ തുക ദേവസ്വത്തിന്‌ ഒടുക്കിയിട്ടില്ലെന്ന്‌ കണ്ടെത്തിയ വിവരമാണ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ രേഖാമൂലം അറിയിച്ചത്‌. മരാമത്ത്‌ കൗണ്ടറില്‍നിന്നും 16,492 എണ്ണവും പടിഞ്ഞാറെ ആടിയ ശിഷ്‌ടം കൗണ്ടറില്‍നിന്നും 136 പായ്‌ക്കറ്റ്‌ പൗച്ചുകളുടെ തുകയും ദേവസ്വത്തില്‍ ഒടുക്കിയിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. വഴിപാട്‌ വിതരണ കൗണ്ടറുകളുടെ സുതാര്യത ഉറപ്പുവരുത്തേണ്ടത്‌ അത്യാവശ്യമാണെന്നും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനേയും സഹപ്രവര്‍ത്തകരുടേയും കൗണ്ടര്‍ ഇടപാടുകള്‍ അന്വേഷിക്കണമെന്നും ഇവരെ നിരീക്ഷിക്കണമെന്നും എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്‌.
ഒരു പായ്‌ക്കറ്റിന്‌ 100 രൂപയാണ്‌ വില. ഏകദേശം 16 ലക്ഷത്തിലധികം തുകയുടെ കുറവാണ്‌ കാണിക്കുന്നത്‌.
ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയായാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്‌തമാകൂ. രാവിലെ 11 വരെയാണ്‌ നെയ്യഭിഷേകം നടക്കുന്നത്‌. നെയ്യഭിഷേകം നടത്താന്‍ കഴിയാത്ത ഭക്‌തരാണ്‌ ആടിയ ശിഷ്‌ടം നെയ്യ്‌ വാങ്ങുന്നത്‌. കൗണ്ടറില്‍ ഏറ്റുവാങ്ങിയ പായ്‌ക്കറ്റിനനുസരിച്ച്‌ ഉള്ള പണം ദേവസ്വത്തില്‍ ഒടുക്കിയിട്ടില്ലെന്നത്‌ സംബന്ധിച്ചാണ്‌ അന്വഷണം.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW