Saturday, March 14, 2026 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്‌: അറസ്‌റ്റ്‌ ഒഴിവാക്കണമെന്ന ശങ്കരദാസിന്റെ ഹര്‍ജി തള്ളി

uploads/news/2026/01/819252/k4.jpg

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്‌റ്റ്‌ ഒഴിവാക്കണമെന്ന ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം കെ.പി. ശങ്കരദാസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ ദിപാങ്കര്‍ ദത്ത, എസ്‌.സി. ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളായ കെ.പി. ശങ്കരദാസിനും, വിജയകുമാറിനും ഉത്തരവാദിത്വമുണ്ടെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ്‌ ഇത്തരം പരാമര്‍ശം ഹൈക്കോടതിയില്‍ നിന്ന്‌ ഉണ്ടായതെന്നാണു ശങ്കരദാസിന്റെ വാദം.
ഹൈക്കോടതി പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്‌ത ശങ്കരദാസിന്റെ നീക്കം എല്ലാ അര്‍ത്ഥത്തിലും തിരിച്ചടിയായി മാറി. ശബരിമല സ്വര്‍ണക്കൊള്ള നടന്ന കാലത്ത്‌ ദേവസ്വം ബോര്‍ഡ്‌ അംഗമായിരുന്ന ശങ്കരദാസ്‌, സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി ശരിവച്ചു.
സ്വര്‍ണപ്പാളികള്‍ പുറത്തേക്ക്‌ കൈമാറാനുള്ള തീരുമാനം എടുത്ത ബോര്‍ഡ്‌ യോഗത്തിന്റെ മിനിറ്റ്‌സില്‍ ശങ്കരദാസ്‌ ഒപ്പിട്ടിരുന്നുവെന്നതും നിര്‍ണായകമായ ഘടകമായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഉത്തരവില്‍ ഉള്‍പ്പെട്ട പരാമര്‍ശങ്ങള്‍ നിലനില്‍ക്കുമെന്നും, പ്രായം മാത്രമല്ല, കേസിന്റെ മെറിറ്റുംപരിഗണിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്‌തമാക്കി. ജാമ്യവുമായി ബന്ധപ്പെട്ട ആവശ്യമുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച്‌ വ്യക്‌തമാക്കി.
തന്റെ പ്രായാധിക്യവും ശാരീരിക അവസ്‌ഥകളും കണക്കിലെടുത്തു നടപടികളില്‍ ഇളവ്‌ വേണമെന്നായിരുന്നു ശങ്കരദാസ്‌ പ്രധാനമായും ആവശ്യപ്പെട്ടത്‌. കൂടാതെ അന്നത്തെ ബോര്‍ഡ്‌ അംഗങ്ങള്‍ക്കു ക്രിമിനല്‍ ബാധ്യതയുണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ നിഷ്‌പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കെ.പി. ശങ്കരദാസിന്റെ വാദം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ഉത്തരവിലെ പരാമര്‍ശം നീക്കാന്‍ ശങ്കരദാസിനു ഹൈക്കോടതിയെ സമീപിക്കാമെന്നു സുപ്രീം കോടതി വ്യക്‌തമാക്കി.
അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായി ശങ്കരദാസ്‌ ഹര്‍ജി നല്‍കിയാല്‍ അതു മെറിറ്റിന്റെ അടിസ്‌ഥാനത്തില്‍ കേള്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ശങ്കരദാസിന്റെ അറസ്‌റ്റ്‌ ഉടന്‍ ഉണ്ടാകുമെന്നാണ്‌ സൂചന. നിലവില്‍ ശങ്കരദാസ്‌ അതീവ ഗുരുതരാവസ്‌ഥയില്‍ കഴിയുന്നുവെന്നാണ്‌ സൂചന. കഴിഞ്ഞ ആഴ്‌ച പക്ഷാഘാതം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഈ സാഹചര്യത്തില്‍, അറസ്‌റ്റ്‌ ഉണ്ടായാല്‍ അത്‌ നിയമപരമായ നടപടിക്രമങ്ങളില്‍മാത്രം ഒതുങ്ങുമെന്നാണ്‌ നിയമവൃത്തങ്ങളുടെ വിലയിരുത്തല്‍. ഗുരുതര ആരോഗ്യസ്‌ഥിതിയായതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ നിലവില്‍ സാധ്യമല്ല. കോടതി നിലപാട്‌ വ്യക്‌തമായതോടെ, സര്‍ക്കാരിനോ മറ്റ്‌ സംവിധാനങ്ങള്‍ക്കോ ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌.
ഹൈക്കോടതി ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തിന്‌ ആറ്‌ ആഴ്‌ചകൂടി സമയം അനുവദിച്ചിട്ടുണ്ട്‌. ഈ കേസ്‌ ഈ മാസം 19ന്‌ വീണ്ടും പരിഗണിക്കും. അതിന്‌ മുമ്പ്‌ തന്നെ ശങ്കരദാസിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ റിപ്പോര്‍ട്ട്‌ കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കും.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW