Saturday, March 14, 2026 Last Updated 50 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

ഒ.എന്‍.ജി.സിയുടെ എണ്ണക്കിണറില്‍ വാതകച്ചോര്‍ച്ച;തീപിടിത്തം

അമരാവതി: ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയില്‍ ഒ.എന്‍.ജി.സിയുടെ എണ്ണക്കിണറില്‍നിന്നു വന്‍ വാതകച്ചോര്‍ച്ച. റാസോള്‍ മേഖലയിലെ ഇരുസുമാന്ദ ഗ്രാമത്തിലാണു സംഭവം. എണ്ണക്കിണറിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ വര്‍ക്ക്‌ഓവര്‍ റിഗ്‌ ഉപയോഗിച്ച്‌ അറ്റകുറ്റപ്പണ്ണി നടത്തുന്നതിനിടെ ശക്‌തമായ സ്‌ഫോടനത്തോടെ അസംസ്‌കൃത എണ്ണ കലര്‍ന്ന വാതകം വന്‍തോതില്‍ പുറത്തേക്കു വരികയായിരുന്നു. വാതകം ചോര്‍ന്നയുടന്‍ തീപിടിക്കുകയും ചെയ്‌തു. കനത്ത മൂടല്‍മഞ്ഞു പോലെ ഇരുസുമാന്ദയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കനത്ത വാതക മേഘങ്ങളും പുകയും പടര്‍ന്നു.
മേഖലയില്‍നിന്ന്‌ ആളുകളെ ഒഴിപ്പിച്ചു. കൂടുതല്‍ തിപിടിത്തം ഒഴിവാക്കുന്നതിനായി, വൈദ്യതി ഉപകരണങ്ങള്‍ ഓണാക്കരുതെന്നും സ്‌റ്റൗ കത്തിക്കരുതെന്നും സമീപമുള്ള മൂന്നു ഗ്രാമങ്ങളിലെ ആളുകള്‍ക്ക്‌ അധികൃതര്‍ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ്‌ നല്‍കി. ഉടന്‍ സ്‌ഥലത്തുനിന്നു ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശത്തെത്തുടര്‍ന്ന്‌ ആളുകള്‍ വീടുവിട്ടിറങ്ങി. കന്നുകാലികളെയും സുരക്ഷിത സ്‌ഥലങ്ങളിലേക്കു മാറ്റി.
ചോര്‍ച്ച നിയന്ത്രിക്കാനും തീ നിയന്ത്രണവിധേയമാക്കാനും ഒ.എന്‍.ജി.സി. ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. പൊതു സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. ജില്ലാ അധികൃതരും സ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്‌.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW