-->
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്‌റ്റില്‍ 42 മണിക്കൂര്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
പോങ്ങുംമൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ക്ക് രണ്ടുമാസത്തിനുള്ളില്‍ നഷ്‌ടപരിഹാരം നല്‍കണം. അതിനു ശേഷം ഈ തുക ഉത്തരവാദികളില്‍ നിന്നും നിയമാനുസൃതം ഈടാക്കാം. ലിഫ്‌റ്റിന്റെ സര്‍വീസ് നടത്തുന്ന കമ്പനിക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ട്. നഷ്‌ടപരിഹാരം നല്‍കിയ ശേഷം നടപടി റിപ്പോര്‍ട്ട് കമ്മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
ലിഫ്‌റ്റില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ടു രവീന്ദ്രന്‍ നായര്‍ക്കുണ്ടായ ശാരീരിക,മാനസിക ബുദ്ധിമുട്ടുകള്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നല്‍കണം. ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റിന്റെ സഹായം ആവശ്യമുണ്ടെങ്കില്‍ അതും ലഭ്യമാക്കണമെന്നു ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈ 13 ന് രാവിലെ 11.15 മുതല്‍ ജൂലൈ 15 രാവിലെ 6 വരെയാണു രവീന്ദ്രന്‍ നായര്‍ ലിഫ്‌റ്റില്‍ കുടുങ്ങിയത്.
തകരാറിലായ ലിഫ്‌റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോര്‍ഡ് സ്‌ഥാപിക്കുകയോ ചെയ്‌തിരുന്നില്ല. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയെങ്കിലും ലിഫ്‌റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കല്‍ കോളജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല.
ഈ ലിഫ്‌റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാല്‍ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ദിവസവും ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കല്‍ കോളജില്‍ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെയാണു കാണുന്നതെന്നും കമ്മിഷന്‍ വ്യക്‌തമാക്കി. രവീന്ദ്രന്‍ നായരുടെ ജീവന്‍ തന്നെ അപകടത്തിലാവുമായിരുന്നു.
ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്‌ചയും ഉണ്ടായിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. പത്രവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിന് പുറമെ രവീന്ദ്രന്‍ നായരും പരാതി നല്‍കിയിരുന്നു.