-->
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പിടിച്ചുവെക്കുന്ന കാര്യത്തില്‍ കേരളം രാജ്യത്ത് ഒന്നാമത്. 2022 ജൂലൈ മുതല്‍ ഇതാണ് സ്‌ഥിതി. നിലവില്‍ ആറ് ഗഡുക്കളിലായി ആകെ 15 ശതമാനം ഡിഎ ആണ് സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കാനുള്ളത്.
രാജ്യത്തെ മറ്റ് സംസ്‌ഥാനങ്ങളെല്ലാം ഡിഎ വിതരണത്തില്‍ കൃത്യത പാലിക്കുമ്പോഴാണ് കേരളം ഈ കാര്യത്തില്‍ വിമുഖത കാട്ടുന്നത്. കുടിശികയുടെ കണക്കുകള്‍ ഇങ്ങനെ:
01.07.2023 മുതല്‍ - 3%
01.01.2024 മുതല്‍ - 3%
01.07.2024 മുതല്‍ - 3%
01.01.2025 മുതല്‍ - 2%
01.07.2025 മുതല്‍ - 2%
01.01.2026 മുതല്‍ - 2%
ആകെ കുടിശിക: 15%
സംസ്‌ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം കാലം ക്ഷാമബത്ത മുടങ്ങുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരേ ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഡി.എ, ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് രാപകല്‍ സമരം
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വൈകുന്നതിനെതിരേയും ഭരണാനുകൂല സംഘടനകള്‍ സമരത്തിലേക്ക്. സി.പി.എം അനുകൂല സര്‍വീസ് സംഘടനകളുടെ കൂട്ടായ്‌മയായ എഫ്.എസ്.ഇ.ടി.ഒ 12, 13 തീയതികളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം പ്രഖ്യാപിച്ചു.
ശമ്പള പരിഷ്‌കരണവും ഡി.എ കുടിശികയും പെരുകുന്ന സാഹചര്യത്തിലാണ് ഇടത് സംഘടനകള്‍ തന്നെ പിണറായി സര്‍ക്കാരിനെതിരേ തെരുവിലിറങ്ങുന്നത്.
12ാം ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, അനുവദിച്ച ഡി.എ കുടിശികകള്‍ ഉടന്‍ നല്‍കുക, മുന്‍കാല പ്രാബല്യം ഉറപ്പാക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്‌ഥാപിക്കുക, കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.