Saturday, March 14, 2026 Last Updated 35 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

കളസം കീറി!, ആന്റണി രാജു അയോഗ്യന്‍ ,എം.എല്‍.എ. സ്‌ഥാനം നഷ്‌ടമാകും

uploads/news/2026/01/818925/k0.jpg

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജു എം.എല്‍.എയ്‌ക്ക്‌ മൂന്നുവര്‍ഷം തടവുശിക്ഷ. കേസെടുത്ത്‌ മൂന്ന്‌ പതിറ്റാണ്ടിനുശേഷം നെടുമങ്ങാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ല ാസ്‌ മജിസ്‌േ്രടറ്റ്‌ കോടതി(1)യാണ്‌ വിധി പറഞ്ഞത്‌. കേസിലെ ഒന്നാംപ്രതിയും മുന്‍ കോടതി ജീവനക്കാരനുമായ കെ.എസ്‌. ജോസിനും സമാനശിക്ഷ വിധിച്ചു.
ഗൂഢാലോചനയും തെളിവ്‌ നശിപ്പിക്കലും ഉള്‍പ്പെടെ ആറ്‌ വകുപ്പുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. വ്യാജരേഖ (രണ്ടുവര്‍ഷം), തെളിവ്‌ നശിപ്പിക്കല്‍ (മൂന്നുവര്‍ഷം), ഗൂഢാലോചന (ആറുമാസം) എന്നിങ്ങനെയാണ്‌ ശിക്ഷയെങ്കിലും ഒന്നിച്ചനുഭവിച്ചാല്‍ മതി. രണ്ടുവര്‍ഷത്തിലേറെ തടവുശിക്ഷ വിധിക്കപ്പെട്ട കേസില്‍ ജനപ്രാതിനിധ്യനിയമപ്രകാരം ആന്റണി രാജുവിന്‌ എം.എല്‍.എ. സ്‌ഥാനം നഷ്‌ടപ്പെടും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അയോഗ്യനാകും. ഏഴുവര്‍ഷത്തില്‍ താഴെയുള്ള ശിക്ഷയായതിനാല്‍ അപ്പീല്‍ പരിഗണിക്കുന്നതുവരെ കോടതി ജാമ്യം അനുവദിച്ചത്‌ പ്രതികള്‍ക്ക്‌ ആശ്വാസമായി. ഇതോടെ തത്‌കാലം ജയില്‍വാസം ഒഴിവാകുമെങ്കിലും അപ്പീലില്‍ അനുകൂലവിധിയുണ്ടായാലേ ആന്റണി രാജുവിന്‌ എം.എല്‍.എ. സ്‌ഥാനം തിരിച്ചുകിട്ടൂ.
കേസിലെ രണ്ടാംപ്രതിയാണ്‌ ആന്റണി രാജു. 1990 ഏപ്രില്‍ നാലിന്‌ അടിവസ്‌ത്രത്തില്‍ രണ്ട്‌ പായ്‌ക്കറ്റ്‌ ലഹരിമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്‌ത്രത്തില്‍ കൃത്രിമത്വം നടത്തി തെളിവുനശിപ്പിച്ചെന്നാണ്‌ കേസ്‌. കേസില്‍ ആന്‍ഡ്രൂ സാല്‍വദോറിന്‌ തിരുവനന്തപുരം സെഷന്‍സ്‌ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും തെളിവ്‌ അപര്യാപ്‌തമായതിനാല്‍ ഹൈക്കോടതി വിട്ടയച്ചു.
അക്കാലത്ത്‌ സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു, കോടതിയിലെക്ല ര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്‌ത്രം കൈക്കലാക്കി വെട്ടിത്തയ്‌ച്ച്‌ ചെറുതാക്കി തിരികെവച്ചെന്നാണു കേസ്‌. പ്രതിയെ ഹൈക്കോടതി വിട്ടയച്ചതില്‍ അടിവസ്‌ത്രത്തിന്റെ അളവുവ്യത്യാസം നിര്‍ണായകമായി. കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നെന്നു ചൂണ്ടിക്കാട്ടി അന്വേഷണോദ്യോഗസ്‌ഥന്‍ പരാതി നല്‍കിയതോടെയാണ്‌ 1994-ല്‍ ആന്റണി രാജുവിനും ജോസിനുമെതിരേ കേസെടുത്തത്‌.
തൊണ്ടിമുതല്‍ മാറ്റിയ കേസില്‍ ചുമത്തപ്പെട്ടവയില്‍ ഐ.പി.സി. 409, 34 വകുപ്പുകളാണ്‌ പ്രധാനം. 409-ാം വകുപ്പ്‌ (സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ വിശ്വാസവഞ്ചന) പ്രകാരം 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. പൊതുവായ ലക്ഷ്യത്തോടെ ഒത്തുചേര്‍ന്നുള്ള കുറ്റകൃത്യമാണ്‌ ഐ.പി.സി. 34 വകുപ്പിന്റെ പരിധിയില്‍ വരുന്നത്‌. ഐ.പി.സി. 120 ബി, 201 എന്നീ വകുപ്പുകളും നിലനില്‍ക്കുമെന്നു കോടതി വ്യക്‌തമാക്കി. കേസില്‍ ചുമത്തപ്പെട്ട ഐ.പി.സി. 420, 317, 468 വകുപ്പുകള്‍ ഒഴിവാക്കി. ചുമത്തപ്പെട്ട വകുപ്പുകള്‍പ്രകാരം പരമാവധി ശിക്ഷ വിധിക്കാന്‍ മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ അധികാരമില്ലാത്തതിനാല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ട്‌ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW