Saturday, March 14, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവ പ്രത്യാശാ ഗോപുരം: കാതോലിക്കാ ബാവാ

കോട്ടയം: പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ ഉള്‍പ്പെടെയുള്ള പൂര്‍വപിതാക്കന്മാര്‍ മാര്‍ത്തോമ്മന്‍ ശ്ലൈഹിക പാരമ്പര്യത്തിന്റെ കാവല്‍ക്കാരെന്ന്‌ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവ.
സഭാസമാധാനത്തിനു വേണ്ടി പ്രത്യാശയുടെ ഗോപുരമായി നിന്ന പിതാവായിരുന്നു ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയെന്നും കാതോലിക്കാ ബാവാ അനുസ്‌മരിച്ചു. പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62-ാം ഓര്‍മ്മപ്പെരുന്നാള്‍, പരിശുദ്ധ ബസേലിയോസ്‌ ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്‌ത ഓര്‍മ്മപ്പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാത്രിയര്‍ക്കീസിനു കൂടി ബഹുമാനം നല്‍കുന്ന ഭരണഘടന ആ സമാധാന ചിന്തയുടെ ഭാഗമാണ്‌. സഭയുടെ സമാധാനത്തിനു വേണ്ടി സ്വയം താഴാനും ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവ തയാറായി. പൂര്‍വപിതാക്കന്മാര്‍ പകര്‍ന്നു നല്‍കിയ മാര്‍ത്തോമ്മന്‍ ശ്ലൈഹിക പാരമ്പര്യത്തിന്റെ സത്യമോ ഭരണവ്യവസ്‌ഥിതിയോ ലംഘിച്ചുള്ള സമാധാനം സാധ്യമാകില്ലെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.
രാവിലെ നടന്ന മൂന്നിന്‍മേല്‍ കുര്‍ബാനയ്‌ക്ക്‌ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മാര്‍ തെയോഫിലോസ്‌ എന്നിവര്‍ സഹകാര്‍മ്മികരായി. ഡോ. കുറിയാക്കോസ്‌ മാര്‍ ക്ലിമിസ്‌ വലിയ മെത്രാപ്പോലീത്താ, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്‌, ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്‌, സഖറിയാ മാര്‍ സേവേറിയോസ്‌ എന്നിവര്‍ സംബന്ധിച്ചു. പിതാക്കന്‍മാരുടെ കബറിടങ്ങളില്‍ ധൂപപ്രാര്‍ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്‌, നേര്‍ച്ച വിളമ്പ്‌ എന്നിവയോടെ ദേവലോകം പെരുന്നാളിനു സമാപനമായി.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW