-->
നാഗ്‌പൂരിലെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികന്‍ ഫാ. സുധീറിനെയും കുടുംബത്തെയും മറ്റ് 10 പേരെയും അറസ്‌റ്റ് ചെയ്‌ത സംഭവം, രാജ്യത്ത് ചിലയിടങ്ങളില്‍ ൈക്രസ്‌തവ സമൂഹം നേരിടുന്ന ഭീഷണി എത്രത്തോളം രൂക്ഷമാണെന്ന് ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നു. ക്രിസ്‌ത്യാനികള്‍ക്കെതിരായ സംഘടിത ആക്രമണങ്ങളുടെയും നിയമപരമായ പീഡനങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുന്നു.
ഭരണഘടന ഉറപ്പുനല്‍കുന്ന ഇഷ്‌ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ക്രിസ്‌മസ് കരോളിനും പ്രാര്‍ഥനായോഗങ്ങള്‍ക്കും പോലും ഭീഷണിയുയരുന്ന അവസ്‌ഥ, ഫാ. സുധീറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, 'ക്രിസ്‌മസ് പാട്ടുകള്‍ പാടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്‌ഥ'യാണ്. മതത്തിന്റെ പേരില്‍ രാജ്യത്ത് ഒരു പ്രത്യേക വിഭാഗത്തിന് നേരെ നിരന്തരം കടന്നാക്രമണങ്ങള്‍ ഉണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഈ ആശങ്കയ്‌ക്ക് അടിവരയിടുന്നു. 2024ല്‍ 834 ൈക്രസ്‌തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നതായാണ് കണക്ക്.
ഫാ. സുധീറിനെപ്പോലുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി ഗ്രാമങ്ങളുടെ വികസനത്തിന് സംഭാവന നല്‍കിയവരാണ്. അങ്ങനെയുള്ളവരെയാണ് 'നിര്‍ബന്ധിത മതപരിവര്‍ത്തന'മെന്ന ആരോപണമുയര്‍ത്തി കള്ളക്കേസില്‍ കുടുക്കുന്നത്. ബജ്‌റങ്‌ദള്‍ പ്രവര്‍ത്തകരുടെ പരാതിയിന്മേല്‍ പോലീസ് സ്വീകരിച്ച അമിതവേഗം, കസ്‌റ്റഡിയില്‍ സഭാ വസ്‌ത്രം ധരിക്കാന്‍ പോലും അനുവദിക്കാത്തത്‌തുടങ്ങിയ കാര്യങ്ങള്‍ ആശങ്കാജനകമാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതൃത്വങ്ങള്‍ ഈ വിഷയത്തില്‍ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സി.എസ്.ഐ. ബിഷപ്‌സ് കൗണ്‍സില്‍ ഇത് ഭരണഘടനാ സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് വ്യക്‌തമാക്കി. എന്നാല്‍, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള മൗനം ഈ ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇടയാക്കുമെന്ന ബിഷപ്പുമാരുടെ മുന്നറിയിപ്പ് ഗൗരവമായി കാണേണ്ടതുണ്ട്.
മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഇന്ന് ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറുന്നുവെന്ന യുണൈറ്റഡ് ക്രിസ്‌ത്യന്‍ ഫോറം റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. പലപ്പോഴും മതപരിവര്‍ത്തനം നടക്കാത്ത സാഹചര്യങ്ങളില്‍ പോലും കള്ളക്കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നു. ഇരകള്‍ക്കെതിരേ എഫ്.ഐ.ആര്‍ ഇടുകയും യഥാര്‍ത്ഥ കുറ്റവാളികളെ വെറുതെ വിടുകയും ചെയ്യുന്ന പ്രവണത ജനാധിപത്യ രാജ്യത്തിന് അപമാനകരമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണകൂടങ്ങള്‍ ബാധ്യസ്‌ഥരാണ്. ഒരു പൗരന് സമാധാനപരമായി തന്റെ വിശ്വാസം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, അവിടെ ജനാധിപത്യം പരാജയപ്പെട്ടു എന്ന് പറയേണ്ടി വരും. അധികാരികള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ തടയുകയും വേണം. മതവിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരേ ശക്‌തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടത്തിന് സാധിക്കണം.
ഭരണഘടനയുടെ കാവലാകേണ്ടവര്‍ക്ക് എവിടെയാണ് പിഴച്ചതെന്ന് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു വിഭാഗം പൗരന്മാര്‍ ഭയത്തോടെ ജീവിക്കുമ്പോള്‍, രാജ്യത്തിന്റെ മതേതര അടിത്തറ ദുര്‍ബലമാവുകയാണ്. അത് അനുവദിച്ചുകൂടാ.